തലശ്ശേരി: കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം. വലിയാറമ്പത്ത് അരുൺകുമാറിന്റെ 'കുടജാദ്രി' എന്ന ഇരുനില വീട്ടിലാണ് മോഷണശ്രമം നടന്നത്. അരുൺകുമാറും കുടുംബവും നിലവിൽ വിദേശത്താണ്.
അരുൺകുമാറിന്റെ പിതാവ് ഗോപാലകൃഷ്ണൻ രാവിലെ ചെടികൾക്ക് വെള്ളമൊഴിക്കാൻ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിനകത്തെ അലമാരകൾ എല്ലാം തുറന്ന നിലയിലായിരുന്നു. വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ വിലപിടിപ്പുള്ള സ്വർണ്ണമോ പണമോ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ വലിയ നഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തെളിവ് നശിപ്പിക്കുന്നതിനായി വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്.
സംഭവമറിഞ്ഞ് ധർമ്മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.
