കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തില്‍ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീണ്‍കുമാർ തുടങ്ങിയ നേതാക്കള്‍ പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.
കൂടാതെ ജീവനക്കാർ സ്‌ട്രോങ് റൂമില്‍ കയറുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. പോലീസ് സുരക്ഷയിലാണ് ജീവനക്കാർ അകത്തുകയറിയത്. എന്നാല്‍ ജീവനക്കാർ പ്രവേശിച്ചതില്‍ പിഴവ് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാർ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ രംഗത്തെത്തി. ജെഡിടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാർത്തകള്‍ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നത്, അതും സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത്.
ആശയക്കുഴപ്പം മൂലമാകാം നേതാക്കള്‍ പരാതി ഉന്നയിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
ഇതിനിടെ സ്ട്രോങ്ങ് റൂമിന് സമീപം ഒരു സ്പെയർ റൂം ഇത് അടയ്ക്കണം. സുരക്ഷ പൂർണമായും ബിഎസ്‌എഫിനെ ഏല്‍പ്പിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം, സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു.
രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജൻ്റിൻ്റെ സാന്നിധ്യത്തിലായിരുന്നു തുറന്നതെന്നും ഫാത്തിമ്മ തഹ്ലിയ പറഞ്ഞു.
