Zygo-Ad

ഉത്തരകേരളത്തിലെ ആദ്യ സർക്കാർ കോളേജ് ഇന്റേൺഷിപ്പ്: തലശ്ശേരി ബ്രണ്ണൻ കോളേജിൽ തുടക്കമായി

 



തലശ്ശേരി: ഉത്തരകേരളത്തിലെ സർക്കാർ കോളേജ് വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ്. നാല് വർഷ ബിരുദ പ്രോഗ്രാം (FYUGP) വിദ്യാർത്ഥികൾക്കായി അക്കാദമിക് ഗവേഷണവും രചനയും അടിസ്ഥാനമാക്കിയുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാം കോളേജിലെ മലയാളം ബിരുദ ബിരുദാനന്തര ഗവേഷണ വിഭാഗം ആരംഭിച്ചു. ഉത്തരകേരളത്തിൽ ഇത്തരമൊരു സംരംഭം തുടങ്ങുന്ന ആദ്യ സർക്കാർ കോളേജാണ് ബ്രണ്ണൻ.

ഭാഷയെയും ഗവേഷണത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും വിദ്യാർത്ഥികളിൽ ഗവേഷണ താൽപ്പര്യം വളർത്താനുമാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികളാണ് ഇന്റേൺഷിപ്പിൽ പങ്കെടുക്കുന്നത്. ഇതിൽ കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള 10 വിദ്യാർത്ഥികൾക്ക് പുറമെ കേരള, കാലിക്കറ്റ് സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

നാലാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി 15 മുതൽ 20 ദിവസം വരെയാണ് പരിശീലനം നൽകുന്നത്. പൂർണ്ണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് രണ്ട് ക്രെഡിറ്റ് പോയിന്റുകൾ ലഭിക്കും. മലയാളം വകുപ്പധ്യക്ഷൻ ഡോ. സന്തോഷ് മാനിച്ചേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡോ. എൻ. ലിജി, ഡോ. കെ. രാജേന്ദ്രൻ, ഡോ. ആർ. രാജശ്രീ എന്നിവരാണ് ഇന്റേൺഷിപ്പിന് നേതൃത്വം നൽകുന്ന മെന്റർമാർ.



വളരെ പുതിയ വളരെ പഴയ