തലശ്ശേരി: വൻകിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന അത്യാധുനിക സൗകര്യങ്ങളുമായി തലശ്ശേരി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗവും ട്രോമാ കെയർ യൂണിറ്റും സജ്ജമായി. അത്യാധുനിക ഉപകരണങ്ങളും ജീവൻരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് അത്യാഹിത വിഭാഗം ഒരുക്കിയിരിക്കുന്നത്. ഇത്രയധികം സൗകര്യങ്ങളുള്ള ഒരു അത്യാഹിത വിഭാഗം തലശ്ശേരിയിൽ മറ്റൊരു ആശുപത്രിയിലും ലഭ്യമല്ല.
പ്രധാന സൗകര്യങ്ങൾ:
ട്രിയേജ് സിസ്റ്റം: രോഗികളുടെ നിലവിലെ അവസ്ഥ അനുസരിച്ച് ചികിത്സ നൽകുന്നതിനായി റെഡ്, യെല്ലോ, ഗ്രീൻ സോണുകളായി തിരിച്ചിട്ടുണ്ട്.
റെഡ് സോൺ (അതീവ ഗുരുതരാവസ്ഥ): നാല് ബെഡുകൾ, വെന്റിലേറ്റർ, ഓക്സിജൻ സംവിധാനം.
യെല്ലോ സോൺ: അഞ്ച് ബെഡുകൾ.
ഗ്രീൻ സോൺ: ആറ് ബെഡുകൾ.
കുട്ടികളുടെ പരിചരണത്തിനായി ഒരു പ്രത്യേക ബെഡും സജ്ജീകരിച്ചിട്ടുണ്ട്.
അനുബന്ധ സൗകര്യങ്ങൾ: അഡ്മിഷൻ കൗണ്ടർ, റിസപ്ഷൻ, പോലീസ് എയ്ഡ് പോസ്റ്റ്, മിനി ഓപ്പറേഷൻ തിയേറ്റർ, അനിമൽ ബൈറ്റ് വാഷ് മുറി (നായ, പൂച്ച കടിയേറ്റവർക്ക് മുറിവ് കഴുകുന്നതിന്), പ്രൊസീജ്യർ റൂം, ഡോക്ടേഴ്‌സ് റൂം, അണുനശീകരണത്തിനുള്ള ഓട്ടോക്ലേവ് റൂം, സ്റ്റാഫിനുള്ള ഡ്രസ് ചേഞ്ചിങ് റൂം, ഡോക്ടർമാരുടെ കൺസൾട്ടേഷൻ റൂം, നഴ്‌സസ് സ്റ്റേഷൻ, സ്റ്റോർ റൂം, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ എന്നിവയും ഇവിടെയുണ്ട്.
നേരത്തെ ഒ.പി.യും ഫാർമസിയും പ്രവർത്തിച്ചിരുന്ന റോഡിനോട് ചേർന്ന ഭാഗത്താണ് പുതിയ അത്യാഹിത വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. ഈ ഭാഗം പൂർണ്ണമായും സി.സി.ടി.വി. നിരീക്ഷണത്തിലായിരിക്കും. എൻ.എച്ച്.എമ്മിൽ നിന്ന് അനുവദിച്ച 2.45 കോടി രൂപയുടെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമാണിത്. ആദ്യഘട്ടത്തിൽ ഒരു കോടി രൂപ വിനിയോഗിച്ച് റാമ്പ് പുതുക്കിപ്പണിതിരുന്നു. ആരോഗ്യ വകുപ്പിന്റെ 40 ലക്ഷം രൂപയടക്കം 1.85 കോടി രൂപ ചെലവഴിച്ചാണ് അത്യാഹിത വിഭാഗവും വാട്ടർ ടാങ്കും നിർമിച്ചത്.
ഉദ്ഘാടനം:
പുതിയ അത്യാധുനിക അത്യാഹിത വിഭാഗം തിങ്കളാഴ്ച പകൽ 11 മണിക്ക് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനാകും.
ബൈറുഹ ഫൗണ്ടേഷന്റെ പിന്തുണ:
അത്യാഹിത വിഭാഗത്തിൽ അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിനായി ബൈറുഹ ഫൗണ്ടേഷൻ 30 ലക്ഷം രൂപ നൽകി. ഏതാനും വർഷം മുൻപ് കാഷ്വാലിറ്റി സജ്ജീകരിക്കുന്നതിനും ബൈറുഹയുടെ പിന്തുണ ലഭിച്ചിരുന്നു.
