തലശ്ശേരി: പുത്തൻ കളിയുപകരണങ്ങളും ആധുനിക സൗകര്യങ്ങളുമായി തലശ്ശേരി സെന്റിനറി പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുക്കാൻ സജ്ജമായി. മൂന്നര കോടി രൂപ ചെലവഴിച്ചാണ് പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. തലശ്ശേരി സഹകരണ റൂറൽ ബാങ്ക് പത്ത് വർഷത്തേക്ക് പാർക്കിന്റെ നടത്തിപ്പ് ഏറ്റെടുത്തു.
പ്രധാന ആകർഷണങ്ങൾ:
ചിൽഡ്രൻസ് പാർക്ക്: കുട്ടികൾക്കായി വിപുലമായ കളിസ്ഥലവും അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്
ആർട്ട് വാൾ: തലശ്ശേരിയുടെ പൈതൃകം വിളിച്ചോതുന്ന 'ഞമ്മളെ തലശ്ശേരി' ആർട്ട് വാൾ പാർക്കിന്റെ പ്രധാന ആകർഷണമാണ്. കോട്ട, കടൽപാലം, ക്രിക്കറ്റ്, സർക്കസ്, കേക്ക് തുടങ്ങിയ തലശ്ശേരിയുടെ അടയാളങ്ങൾ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്
* സ്കാറ്റിംഗ് യാർഡും ഓപ്പൺ ജിമ്മും: സ്കാറ്റിംഗ് പരിശീലനത്തിനുള്ള യാർഡും വ്യായാമത്തിനായി ഓപ്പൺ ജിംനേഷ്യവും ഒരുക്കിയിട്ടുണ്ട്
* മറ്റ് സൗകര്യങ്ങൾ: സാംസ്കാരിക പരിപാടികൾക്കായി ഓപ്പൺ സ്റ്റേജ്, ഫിഷ് സ്പാ, ഫുഡ് കിയോസ്കുകൾ, കടൽ സൗന്ദര്യം ആസ്വദിക്കാനുള്ള വ്യൂ പോയിന്റ് എന്നിവയും സന്ദർശകർക്കായി കാത്തിരിക്കുന്നു
നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ബാങ്ക് പ്രസിഡന്റ് പി. ഹരീന്ദ്രൻ എന്നിവർ പാർക്കിലെ സൗകര്യങ്ങൾ വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായാലുടൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു



