തലശ്ശേരി: വൃക്ക മാറ്റി വെക്കുന്നതിന് വിദ്യാർഥിക്ക് സഹായ ഹസ്തവുമായി തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ ഒമ്പതാം തരത്തിൽ പഠിക്കുന്ന നിട്ടൂർ ബാലത്തിൽ സ്വദേശിയായ വിദ്യാർഥി വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിലാണ്.
എത്രയും വേഗം വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. കുടുംബത്തിന് കൈത്താങ്ങായി സ്കൂൾ പി.ടി.എ കമ്മിറ്റി രംഗത്ത് വരികയായിരുന്നു. പി.ടി.എ യും വിദ്യാർഥികളും നാട്ടുകാരായ രക്ഷിതാക്കളും കൈ കോർത്ത് 5,89,142 രൂപ സമാഹരിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഒ.പി. ഷൈലജ, പി.ടി.എ പ്രസിഡൻ്റ് കെ. മനോഹരൻ എന്നിവർ ചേർന്ന് തുക വിദ്യാർഥിയുടെ മാതാവിന് കൈമാറി.
പ്രിൻസിപ്പൽ ആർ. സരസ്വതി, നഗരസഭാംഗം എം. റഹീം, സ്റ്റാഫ് സെക്രട്ടറി പ്രദീപൻ മനോളി, കോ ഓർഡിനേറ്റർ പി. ലസീന, എസ്.എം.സി അംഗം കെ. രഞ്ജിത്ത്, എ.കെ. രമേശ് എന്നിവർ പങ്കെടുത്തു.
