തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് വൻതോതിൽ കഞ്ചാവ് കണ്ടെടുത്തു. സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപത്തെ കാടുപിടിച്ച ഭാഗത്ത് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇന്ന് രാവിലെ ആർ.പി.എഫും (RPF) കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഏകദേശം 3.600 കിലോഗ്രാം കഞ്ചാവാണ് ബാഗിലുണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷൻ വഴി ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. പരിശോധന സംഘത്തെ കണ്ട് ലഹരിമരുന്ന് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എക്സൈസും ആർ.പി.എഫും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി റെയിൽവേ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
