തലശ്ശേരി: മുൻ കണ്ണൂർ എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹർജിയില്‍ മാർച്ച് ഒൻപതിന് വിധി പ്രഖ്യാപിക്കും.
തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയാണ് ഹർജി വിധി പറയാൻ മാറ്റിയത്.
തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ
നേരത്തെ നടന്ന അന്വേഷണത്തില്‍ സംശയമുന്നയിച്ചാണ് മഞ്ജുഷ തുടരന്വേഷണ ഹർജി നല്‍കിയത്. എന്നാല്‍, നിലവിലെ അന്വേഷണം മതിയെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും കാണിച്ച് കണ്ണൂർ ടൗണ്‍ പോലീസ് ഇൻസ്പെക്ടർ ബിനു മോഹൻ കഴിഞ്ഞമാസം കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. തുടരന്വേഷണത്തെ പ്രോസിക്യൂഷനും കോടതിയില്‍ എതിർത്തു.
ദിവ്യയുടെ വാദം
നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണക്കുറ്റം ചുമത്തപ്പെട്ട സി.പി.എം. നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് വേണ്ടി ഹാജരായ അഭിഭാഷകനും തുടരന്വേഷണം ആവശ്യമില്ലെന്ന് വാദിച്ചു.
അന്വേഷണം നടത്തുകയാണെങ്കില്‍ ഉടൻ റിപ്പോർട്ട് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറയാനായി മാറ്റിയത്.
2024 ഒക്ടോബർ 15-ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില്‍ നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
