മമ്മാക്കുന്ന്: മമ്മാക്കുന്ന് നിവാസികളായ കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻമാർക്ക് മുൻപില്‍ പല തവണ പരാതിയുമായി എത്തിയെങ്കിലും നാളെ നാളെയെന്ന് പറഞ്ഞു കൈയ്യൊഴിയുന്നുവെന്നാണ് പരാതി.
വാർഡ് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ കണ്ടം കുനിയിലെ പന്ത്രണ്ടിലേറെ കുടുംബങ്ങളാണ് പ്രാഥമിക ആവശ്യങ്ങള്‍ നിർവഹിക്കാൻ പ്പോലും വെള്ളമില്ലാതെ വലയുന്നു.
ഭക്ഷണം പാചകം ചെയ്യുന്നതിനായി വളരെ ദൂരെയുള്ള വീടുകളില്‍ പോയി തലച്ചുമടായാണ് കലങ്ങളിലും ബക്കറ്റുകളില്‍ തൂക്കിയും ഇവർ വെള്ളം വീടുകളിലേക്ക് കൊണ്ടു വരുന്നത്. രോഗികളായ പ്രായം ചെന്ന സ്ത്രീകളും കുട്ടികളും വയോധികരായ പുരുഷൻമാരുമൊക്കെ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്.
രണ്ടാഴ്ച്ച മുൻപെ തൈവളപ്പില്‍ വയലിലൂടെയുള്ള കുടിവെള്ള വിതരണ പെപ്പ് പൊട്ടിയതോടെയാണ് കണ്ടം കുനിയിലെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയത്. പുഴയോരത്തായതിനാല്‍ ഉപ്പുവെളളം കയറുന്ന പ്രദേശമാണിത്. അതുകൊണ്ടു തന്നെ ഭൂരിഭാഗം വീടുകളിലും കിണറുകളില്ല.
വാട്ടർ അതോറിറ്റിയുടെ പെരളശേരി കുടിവെള്ള പദ്ധതിയില്‍ നിന്നും പൈപ്പ് വഴി വീടുകളിലെത്തുന്ന വെള്ളമാണ് ഇവർ ഉപയോഗിക്കുന്നത്. നേരത്തെയും ഇവിടെ പൈപ്പ് പൊട്ടിയിരുന്നു.
പ്രദേശവാസികള്‍ മൂന്നു പെരിയയിലെ ഓഫീസിന് മുൻപില്‍ നടത്തിയ ധർണ യെ തുടർന്നാണ് താല്‍കാലികമായി പുന:സ്ഥാപിച്ചത്. പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചാല്‍ മാത്രമേ ശാശ്വത പരിഹാരമുണ്ടാവുകയുള്ളുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സി. പ്രകാശൻ പറഞ്ഞു.
