താമരശ്ശേരി: ദേശീയപാത 766-ൽ താമരശ്ശേരി ചുരത്തിൽ ഇന്നും (ജനുവരി 22) നാളെയും (ജനുവരി 23) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനും റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുമാണ് നിയന്ത്രണം.
രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആറാം വളവിൽ ക്രയിൻ ഉപയോഗിച്ച് മരങ്ങൾ ലോറിയിൽ കയറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാലും, വാഹനത്തിരക്ക് മൂലം തടസ്സപ്പെട്ട പാച്ച് വർക്കുകൾ ഏഴാം വളവ് മുതൽ ലക്കിടി വരെ പുനരാരംഭിക്കുന്നതിനാലും വലിയ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർ ശ്രദ്ധിക്കാൻ:
* ബദൽ പാത: മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും താമരശ്ശേരി ചുരം ഒഴിവാക്കി നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകേണ്ടതാണ്.
* സമയം: രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ചെറിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ സമയക്രമീകരണം പാലിക്കണമെന്ന്
പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു
