കൽപറ്റ: വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണക്കമ്മൽ കവരാൻ ശ്രമിച്ച കേസിൽ കർണാടക സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹുൻസൂർ ഹനഗോഡ് സ്വദേശിയായ മണികണ്ഠ (20) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 30ന് വൈകീട്ട് കാരാട്ടുക്കുന്നിലെ ഒരു വീട്ടുമുറ്റത്താണ് സംഭവം നടന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, പ്രതി ഒരു കൈകൊണ്ട് കുട്ടിയുടെ വായ പൊത്തി ഭയപ്പെടുത്തുകയും മറ്റേ കൈകൊണ്ട് കമ്മൽ അഴിച്ചുമാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം കുട്ടിയുടെ ബന്ധുവിന്റെ ശ്രദ്ധയിൽപ്പെടുകയും ബഹളം വെക്കുകയും ചെയ്തതോടെ മണികണ്ഠ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ സമീപത്തുള്ള ഒരു ബസ് സ്റ്റോപ്പിന് അടുത്ത് നിന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച മണികണ്ഠയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കമ്മൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിക്ക് നിസാര പരിക്കേറ്റതായും പോലീസ് അറിയിച്ചു.
