സുൽത്താൻബത്തേരി: വയനാട് സുൽത്താൻബത്തേരി-പാട്ടവയൽ റോഡിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് റോഡിലൂടെ യാതൊരു കൂസലുമില്ലാതെ നടന്നുപോകുന്ന കടുവയുടെ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തിയത്. നൂൽപ്പുഴയ്ക്കും മുണ്ടക്കൊല്ലിക്കും ഇടയിലുള്ള ആനപ്പാലത്തിന് സമീപമാണ് സംഭവം.
ഈ വഴി കാറിൽ പോവുകയായിരുന്ന യാത്രക്കാരാണ് കടുവയെ കണ്ടത്. വനപ്രദേശമായതിനാൽ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കാറുണ്ടെങ്കിലും, വാഹനങ്ങൾ കണ്ടിട്ടും ഭയപ്പെടാതെ ഏറെ നേരം റോഡിലൂടെ തന്നെ നടന്നാണ് കടുവ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മറഞ്ഞത്. യാത്രക്കാർ ഹോൺ മുഴക്കിയിട്ടും വലിയ ഗൗരവം നൽകാതെ സാവധാനത്തിലായിരുന്നു കടുവയുടെ നടത്തം.
കാറിനുള്ളിലിരുന്ന യാത്രക്കാർ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വനമേഖലയോട് ചേർന്ന റോഡായതിനാൽ രാത്രിയാത്രയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
