തലശ്ശേരി: തലശ്ശേരി മുൻസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ പത്ത് കൗൺസിലർമാരെ വിജയിപ്പിച്ചുകൊണ്ട് ചരിത്രവിജയം കുറിച്ച മുസ്ലീം ലീഗ് തലശ്ശേരിയിൽ വൻ വിജയാഹ്ലാദ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ഘോഷയാത്ര നഗരത്തെ ആവേശത്തിലാഴ്ത്തി.
സ്കേറ്റിംഗ്, കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ്, ഡി.ജെ സംഗീതം എന്നിവയുടെ അകമ്പടിയോടെയാണ് മുസ്ലീം ലീഗ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. തലശ്ശേരി ഗാർഡൻസ് റോഡിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്ര നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. നഗരസഭയിലെ കൗൺസിലർമാരുടെ എണ്ണം പത്തായി ഉയർത്താൻ സാധിച്ചത് പാർട്ടിയുടെ വലിയ സംഘടനാ മികവായാണ് വിലയിരുത്തപ്പെടുന്നത്.
വിജയാഹ്ലാദ പ്രകടനത്തിന് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.എ ലത്തീഫ്, പ്രമുഖ നേതാക്കളായ കെ.സി അഹമ്മദ്, എൻ. മഹമ്മൂദ്, സി.കെ.പി മമ്മു, എൻ. മൂസ, സാഹിർ പാലക്കൽ, ആര്യ ഹുസൈൻ, അഹമ്മദ് അൻവർ ചെറുവക്കര തുടങ്ങിയവർ നേതൃത്വം നൽകി. കൂടാതെ മുനവർ അഹമ്മദ്, വി. ജലീൽ, ബഷീർ ചെറിയാണ്ടി, ടി.കെ ജമാൽ, കെ.സി ഷബീർ, മഹറൂഫ് ആലഞ്ചേരി, പി. നൗഷാദ്, തസ്‌ലീം ചേറ്റം കുന്ന്, റഷീദ് തലായ്, തഫ്‌ലീം മാണിയാട്ട്, ഷഹബാസ് കായ്യത്ത് എന്നിവരും പ്രകടനത്തിന് മുൻനിരയിൽ അണിനിരന്നു.
