വടകര: മുസ്ലിം ലീഗ് പ്രവർത്തകരുടെ കയ്യും കാലും വെട്ടി കൊലപ്പെടുത്തുമെന്ന കൊലവിളി മുദ്രാവാക്യവുമായി വടകരയിൽ എസ്.ഡി.പി.ഐയുടെ പ്രകടനം. കഴിഞ്ഞ ദിവസം രാത്രി വടകര ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. സംഭവത്തിൽ ലീഗ് നേതൃത്വം നൽകിയ പരാതിയിൽ വടകര പോലീസ് കേസെടുത്തു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന മുസ്ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ എസ്.ഡി.പി.ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ഇതിന്റെ മറവിൽ പരസ്യമായി കൊലവിളി നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഘർഷാവസ്ഥ തുടരുന്നു:
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മേഖലയിൽ മുസ്ലിം ലീഗ് - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ നേരത്തെ തന്നെ സംഘർഷം നിലനിന്നിരുന്നു. അഴിയൂരിൽ ലീഗ് പ്രവർത്തകന്റെ വീട് ആക്രമിച്ച സംഭവത്തിൽ ചോമ്പാല പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ടൗണിൽ പരസ്യമായ കൊലവിളി പ്രകടനം നടന്നത്. അക്രമസാധ്യത കണക്കിലെടുത്ത് മേഖലയിൽ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
