കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്ക്. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാംവാർഡ് യുഡിഎഫ് സ്ഥാനാർഥിയായ ജെയിംസ് വേളശ്ശേരിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തില്‍ മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.
മീറ്റിംഗ് കഴിഞ്ഞ് മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ കാത്തിരുന്ന ഹെല്‍മെറ്റ് വെച്ച രണ്ടുപേരാണ് ആക്രമിച്ചത് എന്നാണ് ജയിംസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തില്‍ കണ്ണൂർ ശ്രീകണ്ഠപുരത്ത് കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് നേരെ സിപിഎം ആക്രമണം. നഗരസഭ ചെരിക്കോട് വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥിക്കും സഹപ്രവർത്തകർക്കും നേരെയാണ് ആക്രമണമുണ്ടായത്.
സ്ഥാനാർഥി കെ.യു. ബെന്നി കട്ടിയാങ്കല്‍ (57), ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവർത്തകരായ ഷിന്റോ ലൂക്ക, ജയിംസ് പണ്ടാരശ്ശേരില്‍ തുടങ്ങിയവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മർദനമേറ്റതിന് പിന്നാലെ ഇവർ ഇരിക്കൂർ സിഎച്ച്‌സിയില്‍ ചികില്‍സ തേടി.
