പയ്യോളി:പയ്യോളി നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായിരുന്ന മഹിജ എടോളി, പാർട്ടിയിൽ നിന്ന് രാജിവച്ച് ഇടതുപാളയത്തിലെ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) പാർട്ടിയിൽ ചേർന്നു. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മോശം അനുഭവങ്ങളും അവഗണനയും നേരിട്ടുവെന്നാരോപിച്ചാണ് രാജിയെന്ന് മഹിജ വ്യക്തമാക്കി.
കൗൺസിലറെന്ന നിലയിൽ തനിക്ക് അർഹമായ പരിഗണന പാർട്ടിയിൽ നിന്ന് ലഭിച്ചില്ലെന്നും, പാർട്ടിയിലെ ചില നേതാക്കളിൽ നിന്ന് തുടർച്ചയായി അവഗണനയും മോശം പെരുമാറ്റവും നേരിടേണ്ടി വന്നതായും അവർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡന്റിനോട് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പാർട്ടി നേതൃത്വം തൻ്റെ പരാതികൾ പൂർണമായും അവഗണിച്ചതിൽ മനംനൊന്താണ് രാജി സമർപ്പിച്ചതെന്ന് മഹിജ എടോളി അറിയിച്ചു.
മഹിജയെ ആർ.ജെ.ഡി.യിൽ ഔദ്യോഗികമായി ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ പാർട്ടി പതാക നൽകി സ്വീകരിച്ചു. ഈ ചടങ്ങ് ആർ.ജെ.ഡി. ജില്ലാ കൺവെൻഷനിൽ വെച്ചായിരുന്നു.
ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റുമാരായ കെ.കെ. ഹംസ, ഇ.പി. ദാമോദരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. കുഞ്ഞാലി, സലീം മാടാവൂർ, എൻ.കെ. വത്സൻ, ജനറൽ സെക്രട്ടറി ഡോ. വർഗ്ഗീസ് ജോർജ്ജ്, സംസ്ഥാന സെക്രട്ടറിമാരായ ഇ. രവീന്ദ്രനാഥ്, കെ. ലോഹ്യ, ദേശീയ സമിതി അംഗങ്ങളായ മാഞ്ഞായത് ചന്ദ്രൻ, എം.പി. ശിവാനന്ദൻ, ജെ.എൻ. പ്രേംഭാസിൻ, രാമചന്ദ്രൻ കുയ്യണ്ടി, വിമലാ കളത്തിൽ, പി. കിഷൺ ചന്ദ്, പി. കിരൺജിത്ത്, പി.സി. നിശാകുമാരി, സ്നേഹിൽ ശശി, എൻ.കെ. രാമൻകുട്ടി, ഭാസ്‌കരൻ കൊഴുക്കല്ലൂർ, പി.പി. നിഷ, സി. സുജിത്ത്, ഗണേശൻ കാക്കൂർ, ഉമേഷ് ആരങ്ങിൽ, എം.പി. അജിത എന്നിവർ സംസാരിച്ചു.
പാർട്ടിയിൽ നിന്ന് മഹിജയുടെ രാജി പയ്യോളിയിലെ കോൺഗ്രസിന് വലിയ തിരിച്ചടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
