തലശ്ശേരി: സംഗമം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഇരുമ്പ് തൂണില്‍ കർണാടക റോഡ് ട്രാൻസ്‌പോർട്ട് ബസിടിച്ച് ആറ് യാത്രക്കാർക്ക് പരിക്കേറ്റു.
ജനറല്‍ ആശുപത്രിയിലും സമീപത്തെ മിഷൻ ആശുപത്രിയിലുമായി പരിക്കേറ്റവർ ചികിത്സ തേടി. അപകടത്തില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണ്‍ ചെരിഞ്ഞ് അപകടാവസ്ഥയിലായി. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
തൃശൂരില്‍ നിന്നും തലശ്ശേരി വഴി വീരാജ്‌പേട്ടയിലെ ഹാസനിലേക്ക് പോകുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഇരുമ്പ് തൂണിലിടിച്ചത്. അപകടത്തെ തുടർന്ന് ബസിന്റെ സ്റ്റിയറിംഗ് പ്രവർത്തന രഹിതമായതിനാല്‍ സർവിസ് നടത്താൻ കഴിഞ്ഞില്ല.
യാത്രക്കാരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. രാത്രിയില്‍ ഇവിടെ തെളിയുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ വെളിച്ചം അപകടം വരുന്ന രീതിയില്‍ പ്രതിഫലിച്ച് ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനകം നാലോളം വലിയ വാഹനങ്ങള്‍ ഇവിടെ രാത്രിയില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
