പേരാമ്പ്ര: ഒരു തവണ സര്‍വ്വീസ് കഴിഞ്ഞ വാഹനം പുതിയതെന്ന് പറഞ്ഞ് ഷോറൂമില്‍ നിന്ന് വിറ്റതായി പരാതി. ഈ മാസം 4ാം തിയ്യതി കുറ്റ്യാടി പാറക്കടവിലെ ഷോറൂമില്‍ നിന്നും വാങ്ങിയ സുസുക്കി ആക്സസ് സ്‌ക്കൂട്ടര്‍ ഉടമ പാലേരി സ്വദേശി വിഷ്ണു പ്രസാദ് ആണ് കബളിപ്പിക്കപ്പെട്ടതായി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്.
വാഹനത്തിന്റെ ഫസ്റ്റ് സര്‍വ്വീസിനായി പേരാമ്പ്ര സുസുക്കി സര്‍വ്വീസ് സെന്ററില്‍ എത്തിയപ്പോഴാണ് ഇതിന്റെ ഫസ്റ്റ് സര്‍വ്വീസ് 2025 സപ്തംബര്‍ 24 ന് കഴിഞ്ഞതായി അവിടെ നിന്ന് വിഷ്ണു പ്രസാദിനോട് സര്‍വ്വീസ് സെന്റര്‍ അധികൃതര്‍ അറിയിച്ചത്.
തുടര്‍ന്ന് സര്‍വ്വീസ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് വഹനം 142 കിലോ മീറ്റര്‍ ഓടിയ ശേഷം വടകര കരിമ്പന പാലത്തെ സര്‍വ്വീസ് സെന്ററില്‍ നിന്ന് സര്‍വ്വീസ് ചെയ്തതായി അറിയാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2025 ആഗസ്റ്റ് 22 ന് ഈ വാഹനം സോണിയ എന്ന വ്യക്തിയുടെ പേരില്‍ ബില്ല് ചെയ്തതായും അറിയാന്‍ കഴിഞ്ഞതായി വിഷ്ണു പറഞ്ഞു.
ഫസ്റ്റ് സര്‍വ്വീസ് കുറ്റ്യാടിയില്‍ നിന്ന് തന്നെ ചെയ്യണമെന്ന് പാറക്കടവിലെ ഷോറൂമില്‍ നിന്ന് പറഞ്ഞെങ്കിലും വിഷ്ണു പേരാമ്പ്രയിലെ സര്‍വ്വീസ് സെന്ററില്‍ സര്‍വ്വീസിനായി വാഹനം കൊണ്ടു പോയത് കൊണ്ടാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയാന്‍ കഴിഞ്ഞത്.
സര്‍വ്വീസ് ബുക്കിന്റെ ഫസ്റ്റ് പേജ് കീറിയ നിലയിലാണെന്നും അപ്പോഴാണ് അറിഞ്ഞത്. ഈ വാഹനം വിഷ്ണു പ്രസാദിന്റെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും.
പുതിയ വാഹനമെന്ന വ്യാജേന പഴയ വാഹനം നല്‍കി കബളിപ്പിച്ചതിനെതിരെ കുറ്റ്യാടി പാറക്കടവിലെ സുസുക്കി ഷോറൂമായ വി.എം മോട്ടോഴ്സിനെതിരെയും ജീവനക്കാര്‍ക്കെതിരെയും പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വിഷ്ണു പ്രസാദ്. ഇതിനെതിരെ കൂടുതല്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ് വിഷ്ണു.
