തലശ്ശേരി മത്സ്യമാര്‍ക്കറ്റും മൊത്തവില്‍പന കേന്ദ്രവും തലായിലേക്ക് മാറ്റുമെന്നും ഇതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ മത്സ്യമേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഘടക പദ്ധതിയായ സൗജന്യ ഫിഷ് വെന്‍ഡിങ് ഓട്ടോ കിയോസ്‌ക് വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
150 കോടിയോളം രൂപയുടെ വികസനമാണ് തലായി ഹാര്‍ബറില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ സാധ്യതകള്‍ എല്ലാവര്‍ക്കും പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും തലശ്ശേരി മത്സ്യമാര്‍ക്കറ്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മത്സ്യം വില്‍ക്കാന്‍ തലായി ഹാര്‍ബര്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറണമെന്നും സ്പീക്കര്‍ പറഞ്ഞു.
5.6 കോടി രൂപയാണ് സൗജന്യ ഫിഷ് വെന്‍ഡിങ് ഓട്ടോ കിയോസ്‌ക് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. യൂണിറ്റ് ഒന്നിന് 7.8 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക്ക് ഓട്ടോ കിയോസ്‌ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗുണഭോക്താക്കള്‍ക്ക് 39 ലക്ഷം രൂപ ചെലവിലാണ് വിതരണം ചെയ്തത്. ഒറ്റത്തവണ ചാര്‍ജില്‍ 130 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഇലക്ട്രിക് മുച്ചക്ര വാഹനത്തിന് 250 കിലോഗ്രാമിലേറെ ഭാരം വഹിക്കുവാനും ശേഷിയുണ്ട്.
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അധ്വാനഭാരം ലഘൂകരിക്കുന്നതിനും വരുമാന വര്‍ധനവിനുമായി 150 ഐസ് ബോക്സുകള്‍ പദ്ധതിയുടെ ഭാഗമായി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ഗുണഭോക്താവിന് 100 ശതമാനം സബ്‌സിഡിയോട് കൂടിയാണ് തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.
തലായി ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ തലശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി ടീച്ചര്‍ അധ്യക്ഷയായി. കെ എസ് സി എ ഡി സി കോഴിക്കോട് റിജിയണല്‍ മാനേജര്‍ കെ.ബി.രമേശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജുഗുനു, തലശ്ശേരി ഫിഷറീസ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ എ.കെ സംഗീത, തലശ്ശേരി നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ ജിഷ ജയചന്ദ്രന്‍, ടെന്‍സി നോമിസ്, കെ അജേഷ്, പി.പി. ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു