ഓണത്തിന് നഗരത്തിലെ പൂക്കച്ചവടം തലശ്ശേരി സ്റ്റേഡിയത്തിനു ചുറ്റുമാക്കാൻ നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. പഴയ ബസ് സ്റ്റാൻഡിൽ പൂക്കച്ചവടം അനുവദിക്കില്ല. ടിഎംസി നമ്പറിന് അപേക്ഷിച്ച തലശ്ശേരി നഗരസഭാ പരിധിയിൽ സ്ഥിരതാമസമുള്ള അപേക്ഷകർക്ക് നടപടിക്രമം പൂർത്തിയാക്കി നമ്പർ നൽകാൻ തീരുമാനിച്ചു.
ഓണത്തിന്റെ ഭാഗമായി നഗരത്തിലെ തിരക്ക് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും. തെരുവ് കച്ചവടം നിരോധിച്ച എൻസിസി റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ കച്ചവടം അനുവദിക്കില്ല.തിരക്കുള്ള ദിവസങ്ങളിൽ പരമാവധി പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തും. അവധിക്കാലത്ത് സ്കൂൾ മൈതാനമുൾപ്പെടെ പാർക്കിങ്ങിന് ഉപയോഗിക്കും. തിരക്കുള്ള പാർക്കിങ് സ്ഥലങ്ങളിൽ വ്യാപാരികളുടെ സഹകരണത്തോടെ സുരക്ഷാജീവനക്കാരെ നിർത്തും.
അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കും. സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കും. അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യും. ട്രാഫിക് സൂചനബോർഡുകൾ നഗരസഭ നിഷ്കർഷിക്കുന്നതിൽ കൂടിയ അളവിൽ പരസ്യങ്ങൾ ഉണ്ടെങ്കിൽ അവ നീക്കംചെയ്യും.