Zygo-Ad

ഇനി തെരുവുനായ്ക്കള്‍ ഓടിയകലും:പത്താം ക്ലാസ് വിദ്യാർത്ഥികളുടെ 'ഇലക്‌ട്രോണിക് വടി' എന്ന ആശയത്തിന് ദേശീയ അംഗീകാരം


കോഴിക്കോട്: തെരുവു നായ്ക്കള്‍ ഓടിയടുത്താല്‍ കല്ലെടുത്തെറിയേണ്ട കാര്യമില്ല, പേടിച്ച് ഓടുകയും വേണ്ട. പരിഹാരവുമായി ഇതാ അരീക്കോട് വടശ്ശേരി ജി.എച്ച്‌.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഭിഷേകും നിഹാലും സാദിൻ മുഹമ്മദ് സുബൈറും. 

ഇവർ ചേർന്ന് കണ്ടെത്തിയ 'ഇലക്‌ട്രോണിക് വടി'യുണ്ടെങ്കില്‍ ഇനി തെരുവു നായ്ക്കള്‍ ഓടെടാ ഓടും.

ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ ഇന്നൊവേഷൻ മാരത്തണില്‍ ഇവരുടെ 'ഇലക്‌ട്രോണിക് വടി' എന്ന ആശയത്തിന് ദേശീയ അംഗീകാരം ലഭിച്ചിരിക്കുകയാണ്.

സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ ചേളന്നൂർ സ്വദേശി കെ. പ്രഗിത്തിന്റെ കീഴിൽ ഈ കുട്ടി ശാസ്ത്രജ്ഞരുടെ ഗവേഷണം വിജയം കണ്ടു. ഒരു ലക്ഷത്തിലധികം കുട്ടികളുടെ ആശയത്തില്‍ നിന്ന് 27 എണ്ണമാണ് ദേശീയ തലത്തില്‍ അംഗീകാരം നേടിയത്. 

കേരളത്തെ പ്രതിനിധീകരിച്ച ഏക സർക്കാർ സ്കൂളും ഇവരുടേതായിരുന്നു. ദേശീയ അംഗീകാരം ലഭിച്ചതോടെ 50 ,000 രൂപയുടെ സ്‌കോളർഷിപ്പ് ലഭിക്കും. 

ഇലക്‌ട്രോണിക് വടിയുടെ പ്രോട്ടോടൈപ്പ് നിർമാണത്തിനും പേറ്റന്റ് സമർപ്പണത്തിനും സംരംഭകത്വത്തിനുമുള്ള സാമ്പത്തിക സഹായവും ലഭിക്കും.

ഇലക്ട്രോണിക് വടിയുടെ പ്രവർത്തന രീതി

ഇലക്‌ട്രോണിക് സർക്യൂട്ട് ഘടിപ്പിച്ച വടിയില്‍ നിന്ന് അള്‍ട്രാസോണിക് ശബ്ദം പുറത്തുവരും. മനുഷ്യർക്ക് കേള്‍ക്കാൻ കഴിയാത്ത ഈ ശബ്ദം മൃഗങ്ങള്‍ തിരിച്ചറിയും. ഇത് തെരുവുനായ്ക്കള്‍ക്ക് അരോചകമാകും. 

വടിയിലൂടെ ചെറിയ ഇലക്‌ട്രിക് ഷോക്കും കട്ടിയുള്ള ലൈറ്റും മൃഗങ്ങള്‍ക്ക് അരോചകമായ ഗന്ധവും പുറപ്പെടുവിച്ച്‌ പ്രതിരോധിക്കുകയാണ് ഇലട്രോണിക് വടിയുടെ പ്രവർത്തന രീതി.

ഈ പരീക്ഷണ വിജയം സമൂഹത്തിന് വലിയ രീതിയിൽ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ. ഇന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളും കാൽനട യാത്രികരും ബൈക്ക് യാത്രക്കാരും കച്ചവടക്കാരുമടക്കം നേരിടുന്ന വൻ പ്രതിസന്ധി തന്നെയാണ് രൂക്ഷമായ തെരുവുനായ ശല്യം.

ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് കേരളത്തിലുട നീളമുള്ള ആളുകൾ ആവശ്യപ്പെടുന്നതും. ഈ കുട്ടി ശാസ്ത്രഞ്ജന്മാരുടെ കണ്ടുപിടുത്തം വിപ്ലവകരമാകുമെന്ന് പറയാം

വളരെ പുതിയ വളരെ പഴയ