Zygo-Ad

കൊടുവള്ളി റെയിൽവേ മേൽപ്പാലം തുറന്നതോടെ അപകടങ്ങളും; ഗേറ്റ് അടച്ചതിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട്

 


തലശ്ശേരി: കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം തുറന്നതിന് പിന്നാലെ അപകടങ്ങൾ അരങ്ങേറി. ദേശീയപാതയിലെ പാലം തുടങ്ങുന്ന കവലയിൽ ചൊവ്വാഴ്ച രാത്രി കാറിന് പിന്നാലെ ബൈക്ക് ഇടിച്ച് അപകടം സംഭവിച്ചു. കാറിന് കേടുപാടുകൾ സംഭവിച്ചു.

ബുധനാഴ്ച ഉച്ചയ്ക്കും പാലത്തിലൂടെ കടന്നുവരികയായിരുന്ന മറ്റൊരു കാർ ഡിവൈഡറിൽ കയറി. മമ്പറം ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ പിന്നീട് ഡിവൈഡറിൽ നിന്ന് നീക്കി. പാലം തുടങ്ങുന്നിടത്ത് അപകടം ഒഴിവാക്കാൻ ട്രാഫിക് ഐലൻഡ് സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നു.

പാലം പ്രവർത്തനസജ്ജമായതോടെ സമീപത്തെ റെയിൽവേ ഗേറ്റ് അടച്ചു. ഇതോടെ ഗേറ്റിന് ഇരുവശത്തുമുള്ള കാൽനടയാത്ര ബുദ്ധിമുട്ടായി. സമീപവാസികൾക്ക് ഗേറ്റിലൂടെ കടന്നുവരാൻ കഴിയാതെയായി. ഗേറ്റിന് ഇരുവശത്തും ഇരുമ്പ് വേലി സ്ഥാപിച്ചു. റെയിൽവേ അധികൃതരുടെ നിർദേശപ്രകാരമാണ് നടപടി.

നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ റെയിൽവേ ഗേറ്റിൽ നിലവിൽ നാല് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സിഗ്നൽ സംവിധാനമെത്തിയാൽ ഗേറ്റ് പൂർണ്ണമായും ഇല്ലാതാക്കാനാണ് തീരുമാനം.

വളരെ പുതിയ വളരെ പഴയ