കണ്ണൂർ: കണ്ണൂർ ജില്ലാ ബിൽഡിങ് മെറ്റീരിയൽ സഹകരണ സംഘത്തിൽ 7.83 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ സംഘം സെക്രട്ടറി ഇരിവേരി കളപ്പുരയിൽ ഹൗസിൽ ഇ.കെ. ഷാജിയുടെ (50) ജാമ്യാപേക്ഷ ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദ് തള്ളി. ജീവനക്കാരി പടുവിലായിലെ കെ.കെ. ശൈലജയുടെ (51) മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കെ.പി.സി.സി അംഗം കെ.സി.മുഹമ്മദ് ഫൈസൽ പ്രസിഡന്റായ സംഘത്തിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്.കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ പ്രസിഡന്റ് കെപിസിസി മെംബർ കൂടിയായ കെ.സി.മുഹമ്മദ് ഫൈസലാണ്. നിക്ഷേപകരിൽ ഭൂരിഭാഗം പേരും കോൺഗ്രസ് അനുഭാവികളാണ്. വലിയ തട്ടിപ്പ് നടന്നിട്ടും പാർട്ടി തലത്തിൽ സ്വീകരിച്ച നടപടി ഇടപാടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നും ഭരണസമിതി അറിയാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്നുമാണു നിക്ഷേപകരുടെ ആരോപണം.
2023-2024 വർഷത്തെ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടത്തിയത്. ഗ്രൂപ് ഇനത്തിൽ 1.23 കോടി രൂപയും വ്യക്തിഗത ഇനത്തിൽ 2.4 കോടി രൂപയും വായ്പയെടുത്ത് സെക്രട്ടറി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വായ്പ തിരിച്ചടക്കാൻ നൽകിയ 1.13 കോടി രൂപയും തട്ടി. ജീവനക്കാരി സഹോദരിയുടെ പേരിൽ വായ്പയെടുത്ത് 21 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.
സെക്രട്ടറിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 45 പാസ്ബുക്ക്, 56 പേർ 38.33 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ റസീറ്റ് എന്നിവ കണ്ടെത്തി പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ ഹാജരായി.