മമ്പറം :മമ്പറം പഴയ പാലത്തിലൂടെയുള്ള വാഹന ഗതാഗതവും പാര്‍ക്കിങ്ങും പൂര്‍ണമായി നിരോധിച്ചു. പാലത്തില്‍ കാല്‍ നട യാത്ര മാത്രം സാധ്യമാക്കി പാലത്തിന്റെ പ്രവേശന ഭാഗം ചെങ്കല്ല് കൊണ്ട് മതില്‍ കെട്ടി അടച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്പറം പഴയ പാലം ശോചനീയാവസ്ഥയിലായതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കിയത്. ഇതോടെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പാലം വിഭാഗം പൂര്‍ണമായും നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡ് പഴയ പാലത്തിന്റെ ഇരുവശത്തും സ്ഥാപിച്ചിരുന്നു. ഈ മുന്നറിയിപ്പുകളൊക്കെ അവഗണിച്ച് മമ്പറം ടൗണില്‍ എത്തുന്ന പലരും വാഹനം പാര്‍ക്ക് ചെയ്യാന്‍ കണ്ടെത്തിയ ഇടമായി ഇവിടം മാറ്റി. കൈവരിയും അടിഭാഗവുമൊക്കെ ശോചനീയാവസ്ഥയിലായി പഴയ പാലം ഏതു നിമിഷവും നിലം പതിക്കാറായ നിലയിലാണ്. ഇതൊന്നും വകവയ്ക്കാതെ നിരവധി വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യാറ്. കൂടാതെ നിരവധി വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോകാറുമുണ്ട്. നിലവിൽ ഒരു ഭാഗം മാത്രമാണ് അടച്ചത്. എത്രയും പെട്ടെന്ന് തന്നെ പാലത്തിന്റെ മറുവശവും ഇങ്ങനെ മതിൽ കെട്ടി അടക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.