വയനാട്: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്ത കണ്ടൈനർ ലോറി കൊക്കയില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ചുരമിറങ്ങുന്നതിനിടെയാണ് കണ്ടെയ്നർ ഒൻപതാം വളവിന് സമീപം അപകടത്തില്‍പ്പെട്ടത്. സംരക്ഷണ ഭിത്തി തകർത്ത വാഹനത്തിന്റെ മുൻഭാഗത്തെ ചക്രങ്ങള്‍ രണ്ടും വലിയ താഴ്ചയുള്ള കൊക്കയുടെ ഭാഗത്ത് പുറത്താണ് ഉള്ളത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
വയനാട് ചുരത്തില്‍ അപകടത്തില്‍പ്പെട്ട കണ്ടെയ്നർ.
ലോറിയില്‍ രണ്ടു പേർ ഉണ്ടായിരുന്നു, രണ്ടുപേരെയും സുരക്ഷിതമായി പോലീസും യാത്രക്കാരും ചേർന്ന് പുറത്തിറക്കി.ലോറി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു .
പാർസല്‍ സാധനങ്ങള്‍ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോഡ് ഉള്ളത് കൊണ്ട് മാത്രമാണ് വാഹനം പൂർണമായും കൊക്കയില്‍ പതിക്കാതിരുന്നത്.
ഇതിനിടെ താമരശ്ശേരി ചുരത്തിലും അടിവാരത്തും, ലക്കിടിയിലും നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. ഒൻപതാം വളവ് അപകടം നടന്ന ഭാഗത്ത് ഒരു വരിയായി മാത്രമേ വാഹനങ്ങള്‍ കടന്നു പോകുകയുള്ളൂ. മള്‍ട്ടി ആക്സില്‍ വാഹ്നങ്ങള്‍ ചുരം വഴി കടത്തി വിടുന്നില്ല. അടിവാരത്ത് തടഞ്ഞിടുകയാണ്.