മാനന്തവാടി: വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി.
ദൃക്‌സാക്ഷികളില്ലാതിരുന്ന, വാഹനത്തെ കുറിച്ചോ ഓടിച്ചയാളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്ന കേസില്‍ പോലീസിന്റെ നിർത്താതെയുള്ള നല്ലൂർനാട്, അത്തിലൻ വീട്ടില്‍, എ.വി ഹംസ (49) യെയാണ് ദിവസങ്ങള്‍ നീണ്ട കൃത്യമായ അന്വേഷണത്തിനൊടുവില്‍ മാനന്തവാടി പോലീസ് പിടികൂടിയത്. അപകടം വരുത്തിയ കെ.എല്‍ 72 ഡി 7579 നമ്പർ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം ജൂലൈ ഏഴിന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. അയലമൂല ഭാഗത്തു നിന്നും മോളിത്തോട് ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന മോളിത്തോട് സ്വദേശി വി.കെ ജോണി (61)യെയാണ് എതിർ ദിശയില്‍ വന്ന ഓട്ടോ മോളിത്തോട് പാലത്തിനടുത്ത് വച്ച് ഇടിച്ചു തെറിപ്പിച്ചത്.
റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹത്തെ തിരിഞ്ഞു നോക്കാതെ ഇയാള്‍ ഓട്ടോ വേഗതയില്‍ തന്നെ ഓടിച്ചു പോകുകയായിരുന്നു. ജോണിയുടെ വലതു കാലിന്റെ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്.
തുമ്പായത് പൊട്ടിയ സൈഡ് മിററും, ഇടിയേറ്റ് ചളുങ്ങിയ ഭാഗവും സംഭവം നടന്നത് രാത്രിയായതിനാലും ഗുരുതര പരിക്കേറ്റതിനാലും പരാതിക്കാരന് വാഹനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി പോലീസിന് പറഞ്ഞു കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.
മറ്റു ദൃക്‌സാക്ഷികളും ലഭ്യമായിരുന്നില്ല. ഏകദേശം 150 ഓളം സിസിടിവി ദൃശ്യങ്ങളും ഓട്ടോറിക്ഷകളും പരിശോധിച്ചും, വർക് ഷോപ്പുകളും മറ്റു സ്ഥലങ്ങളും പരിശോധിച്ചും പോലീസ് അന്വേഷണം നടത്തി. എന്നാല്‍, തുമ്പൊന്നും ലഭിച്ചിരുന്നില്ല.
വീണ്ടും സമീപ പ്രദേശങ്ങളിലെ ഓട്ടോകള്‍ കേന്ദ്രീകരിച്ച് പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ (22.07.2025) രാത്രിയോടെ ഓട്ടോയെയും പ്രതിയെയും കണ്ടെത്തിയത്. വാഹനത്തിന്റെ സൈഡ് മിറർ പൊട്ടിയതും ഇടിച്ച ഭാഗം ചെറുതായി ചളുങ്ങിയതുമാണ് കേസില്‍ തുമ്പായി മാറിയത്.
ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ്ബ് ഇൻസ്‌പെക്ടർ അതുല്‍ മോഹൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ടി.കെ ജോബി, ബി. ബിജു, സിവില്‍ പോലീസ് ഓഫീസർമാരായ ഷിന്റോ ജോസഫ്, കെ.വി രഞ്ജിത്ത്, എ.ബി ശ്രീജിത്ത്, അരുണ്‍, അനുരാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.