കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിനായി കർക്കിടക മരുന്നു നിർമാണത്തിലും പുസ്തക വായനയെ ചേർത്തുവെച്ച് പിണറായി വെസ്റ്റിലെ സി മാധവൻ സ്മാരക വായനശാല. കഴിഞ്ഞ ദിവസം വായനശാലയുടെ മുറ്റത്ത് വനിതാ വേദി സംഘടിപ്പിച്ച കർക്കിടക മരുന്നു നിർമ്മാണവും പുസ്തക ചർച്ചയും വേറിട്ട വായന അനുഭവമായി മാറി. വായനശാലയുടെ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർഥമാണ് കർക്കിടകം മരുന്ന് നിർമ്മാണം നടത്തിയത്. മരുന്ന് നിർമ്മിക്കുന്ന വായനശാലയുടെ മുറ്റത്തു തന്നെയാണ് അതേസമയം പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ' എന്ന പുസ്തകത്തിന്റെ ചർച്ചയും സംഘടിപ്പിച്ചത്. ശ്രദ്ധ സി രഞ്ജിത്ത് പുസ്തകാസ്വാദനം നടത്തി. ചടങ്ങിൽ യുവ എഴുത്തുകാരൻ ഷിജിത്ത് എടക്കടവിന്റെ കവിതകൾ അടങ്ങിയ പുസ്തകം വായനശാലക്ക് കൈമാറി. വാർഡ് മെമ്പർ കെ വിമല പുസ്തകം ഏറ്റുവാങ്ങി. വനിതാവേദി പ്രസിഡന്റ് സിന്ധു സുന്ദർ അധ്യക്ഷയായി. ഷൈന സനൽ, ധന്യ ഷാനവാസ്, അഡ്വ. വി പ്രദീപൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്കെല്ലാം കർക്കിടക കഞ്ഞിയും നൽകി.