തലശേരി തിരുവങ്ങാട് കിഴക്കേടം ശിവക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ഒരു വര്‍ഷത്തിനിടെയുണ്ടായ രണ്ടാമത്തെ മോഷണമാണിതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. മോഷണത്തിന്‍റെ സിസിടിവി ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു.
അര്‍ധരാത്രിയിലാണ് മോഷ്ടാവ് ക്ഷേത്രത്തിലെത്തിയത്. മുന്‍ഭാഗത്തു തന്നെയുള്ള ഭണ്ഡാരം കുത്തിത്തുറന്നു. അയ്യായ്യിരത്തിലധികം രൂപ മോഷ്ടിക്കപ്പെട്ടെന്നാണ് നിഗമനം. രണ്ട് മാസമായി ഭണ്ഡാരം തുറന്നിരുന്നില്ല. പുലര്‍ച്ചെ നാലുമണി കഴിഞ്ഞ് സെക്യൂരിറ്റി ജീവനക്കാരനാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. ഭാരവാഹികള്‍ പൊലീസിന് പരാതി നല്‍കി. തലശേരി പൊലീസ് സ്ഥലം പരിശോധിച്ചു.
ഒരു വര്‍ഷം മുന്‍പും ക്ഷേത്രത്തില്‍ മോഷണമുണ്ടായിരുന്നു. അന്നും ഇതേ ഭണ്ഡാരമാണ് പൊളിച്ചത്. തലശേരിയിലെ ലോകന്‍സ് റോഡിലെ കടയിലും കഴിഞ്ഞ ദിവസം മോഷണമുണ്ടായി. മൊബൈല്‍ ഫോണും 9000 രൂപയും മോഷ്ടിച്ചതും ക്ഷേത്രത്തില്‍ കയറിയതും ഒരേയാളാണോ എന്ന സംശയമാണ് ഉയരുന്നത്.