കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍.
ഭാര്യയെ കൊലപ്പെടുത്താൻ പെട്രോളുമായി വന്ന ഭർത്താവ് നൗഷാദ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്ര വാഹനത്തിന് തീയിട്ടു. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നു ഭാര്യ ജാസ്മിൻ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
തുടർന്നു പ്രതി നൗഷാദിനെ അറസ്റ്റു ചെയ്തു റിമാൻഡിലെടുത്തു ഇയാള്‍ ലഹരി ഉപയോഗിച്ചാണ് ഭാര്യയോട് ക്രൂരത കാണിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാൻ കോഴിക്കോട് കുണ്ടുങ്ങലെ വീട്ടിലേക്ക് അവരുടെ ഉമ്മയും ഉപ്പയും വന്നിരുന്നു. ഇതേത്തുടർന്നുള്ള വിരോധത്തിലാണ് നൗഷാദ് കൊലപാതക ശ്രമം നടത്തിയതെന്നാണ് ജാസ്മിന്റെ വെളിപ്പെടുത്തൽ.
ജാസ്മിന്റെ മുഖത്തടക്കം അടിച്ചു പരുക്കേല്‍പ്പിക്കുകയും കത്തി ഉപയോഗിച്ച് നെറ്റിയിൽ പോറലേല്‍പ്പിക്കുകയും ചെയ്തു.
അതിനു ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായാണു വന്നത്.
വാതിലില്‍ മുട്ടിയപ്പോള്‍ ഭയം കൊണ്ട് ജാസ്മിൻ വാതില്‍ തുറക്കാതിരുന്നതിനെ തുടർന്ന്, ഒരുപാട് സമയത്തിന് ശേഷം മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ ഇരുചക്ര വാഹനം പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
ഇതു ആദ്യമായല്ല, നൗഷാദില്‍ നിന്ന് ജാസ്മിൻ ക്രൂര മർദനങ്ങള്‍ക്ക് ഇരയാവുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ജാസ്മിൻ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വച്ച് കൂട്ടുകാർക്കൊപ്പം എടുത്ത ഫോട്ടോയെ ചൊല്ലിയാണ് നൗഷാദ് പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്.
അതിന്റെ പേരില്‍ പലപ്പോഴും കൊല്ലാൻ ശ്രമിച്ചുവെന്നും ജാസ്മിൻ പറയുന്നു. നൗഷാദിന്റെയും ജാസ്മിന്റെയും രണ്ടാം വിവാഹമാണ്. രണ്ടാം വിവാഹത്തില്‍ ഇരുവർക്കും നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.
തന്നെ ഉറങ്ങാൻ സമ്മതിക്കാതെ മർദിക്കുമെന്നും, കത്തി എടുത്ത് ശരീരത്തില്‍ വരയ്ക്കും. ശ്വാസം മുട്ടിക്കും. ഞാൻ പിടയുമ്പോള്‍ വിടും. ഇത് ആവർത്തിച്ചു കൊണ്ടിരിക്കും' ജാസ്മിൻ വെളിപ്പെടുത്തി.
നൗഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നും തന്റെ മകളോട് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്നും ജാസ്മിന്റെ രക്ഷിതാക്കളും തുറന്നു പറഞ്ഞു.
അതേ സമയം ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, നരഹത്യാ ശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചേർത്തു നൗഷാദിനെതിരെ ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് മുൻപില്‍ ഹാജരാക്കിയ പ്രതിയെ ശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.