നാദാപുരം: തകര്‍ന്നു കിടക്കുന്ന 27 പിഡബ്ല്യുഡി റോഡുകള്‍ കുഴി മൂടി താത്കാലികമായി ഗതാഗത യോഗ്യമാക്കുന്നു. നാദാപുരം- കുറ്റ്യാടി സംസ്ഥാന പാത, കല്ലാച്ചി വിലങ്ങാട് റോഡ്, കല്ലാച്ചി വളയം റോഡ്, നാദാപുരം കക്കംവെള്ളി മലോഞ്ചാല്‍ ശാദുലി റോഡ്, തൈവച്ച പറമ്പ് കാരയില്‍ കനാല്‍ റോഡ്, ചേലക്കാട് നരിക്കാട്ടേരി റോഡ് തുടങ്ങിയവ ഇവയില്‍ പെടും.തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം അടിയന്തിര പ്രവൃത്തി നടത്താന്‍ കഴിയാതിരുന്ന സാഹചര്യമായിരുന്നെന്നും എല്ലാ കുഴികളും മൂടി റോഡ് സുരക്ഷിതമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശമുള്ളതിനെ തുടര്‍ന്നാണ് പണി നടത്തുന്നതെന്നും പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു.
നാദാപുരം കല്ലാച്ചി സംസ്ഥാന പാത ഈ മഴക്കാലത്ത് 6 തവണ ക്വാറിപ്പൊടിയിട്ടു മൂടിയതാണ്. മഴ കനത്തു പെയ്യുന്നതിനിടയില്‍ വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു. വാരിക്കുഴികള്‍ നിറഞ്ഞ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനര്‍ നിര്‍മിക്കണമെന്നാണ് നിര്‍ദേശം. ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ പാലം വരെയുള്ള ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് 9 കോടി വകയിരുത്തിയെങ്കിലും പണി തുടങ്ങിയിരുന്നില്ല. ഈ റോഡ് 2 റീച്ചുകളാക്കി കരാര്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നാദാപുരം മുതല്‍ കക്കട്ടില്‍ വരെയായിരിക്കും ഒന്നാം റീച്ച്.