Zygo-Ad

സമര സൂര്യൻ മായുമ്പോൾ തലശ്ശേരിയിലെ സീനിയർ അഭിഭാഷകൻ ഒ ജി പ്രേമരാജിന്റെ ഓർമ്മകളിൽ വി.എസ്


സമര സൂര്യൻ മായുമ്പോൾ തലശ്ശേരിയിലെ സീനിയർ അഭിഭാഷകൻ ഒ ജി പ്രേമരാജിന്റെ മനസ്‌ നിറയെ അഞ്ച്‌ വർഷം നീണ്ട ആ മാനനഷ്‌ടക്കേസും വെറുതെ വിട്ടുള്ള ആ വിധിയുമാണ്‌. 

മട്ടന്നൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആ കേസ്‌ നടത്തിയ കാലമത്രയും സ്ഥിരമായി വിളിച്ച്‌ വിവരങ്ങൾ അന്വേഷി്ക്കുകയും പലപ്പോഴും നേരിൽ ഹാജരാവുകയും ചെയ്‌ത നേതാവാണ്‌ വി എസ്‌ അച്ചുതാനന്ദൻ. 

ദേശാഭിമാനിക്കെതിരെ മട്ടന്നൂർ സ്വദേശി നൽകിയ മാനനഷ്‌ടക്കേസിലാണ്‌ ചീഫ്‌ എഡിറ്റർ വി എസും ജനറൽ മാനേജർ പി കരുണാകരനും കോടതിയിൽ ഹാജരാകേണ്ടി വന്നത്‌. ഇവരുടെ അഭിഭാഷകനായിരുന്നു ഒ ജി പ്രേമരാജ്‌. 

‘‘കേസ്‌ കോടതി പരിഗണിക്കുന്നതിന്‌ തൊട്ടു മുൻപുള്ള ദിവസങ്ങളിൽ പതിവായി വി എസ്‌ വിളിക്കുമായിരുന്നു. നേരിട്ട്‌ ഹാജരാകേണ്ടതില്ലെന്ന്‌ പറഞ്ഞാലും വീണ്ടും വിളിച്ച്‌ അന്വേഷിക്കും. 

ഹാജരാവാതിരുന്നാൽ കേസിനെ ബാധിക്കുമോ എന്ന ആശങ്കയായിരുന്നു. നിയമത്തെയും നീതിപീഠത്തെയും അത്രമാത്രം ബഹുമാനിച്ചിരുന്നു’’ ഒ ജി പ്രേമരാജ്‌ ഓർത്തെടുക്കുന്നു.

 വർഷങ്ങളോളം നീണ്ട കേസിൽ പലതവണ വി എസ്‌ കോടതിയിൽ ഹാജരായിട്ടുണ്ട്‌. ഒടുവിൽ ഹാജരായപ്പോൾ മജിസ്‌ട്രേറ്റ് തന്നെ പറഞ്ഞു: കൂട്ടിൽ ഇരുന്ന്‌ സംസാരിച്ചാൽ മതിയെന്ന്‌. വി എസ്‌ മറ്റെല്ലാവരെയും പോലെ എഴുന്നേറ്റ്‌ നിന്ന്‌ അഭിഭാഷകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയാണ്‌ ചെയ്‌തത്‌. 

കോടതിയിൽ ഹാജരാവാൻ ഒടുവിൽ മട്ടന്നൂർ ഐബിയിൽ വി എസ്‌ എത്തിയപ്പോൾ വിദ്യാർഥികളടക്കം ആരാധകരായ ഒരുപാട്‌ പേർ കാണാൻ എത്തിയിരുന്നതും ഓർക്കുന്നു. ദേശാഭിമാനിക്കായുള്ള നിയമ പോരാട്ടത്തിൽ ആദ്യാവസാനം വി എസ്‌ ഒപ്പം നിന്നു. കേസ്‌ നടപടികൾ കഴിഞ്ഞ ശേഷവും ഇടയ്‌ക്ക്‌ വിളിച്ച്‌ വിവരങ്ങൾ തെരക്കിയിരുന്നു. 

കേസിന്റെ രേഖകൾ കൊച്ചിയിലേക്ക്‌ മാറ്റിയതിന്‌ ശേഷമാണ്‌ വിളി കുറഞ്ഞത്‌. കൃത്യമായി കോടതിയിൽ ഹാജരായ, നീതിപീഠത്തെ നല്ല ബഹുമാനത്തോടെ കണ്ട നേതാവായാണ്‌ ഒ.ജി പ്രേമരാജ്‌ വി എസിനെ കാണുന്നത്‌. 

തലശേരി ജില്ല കോടതിക്കടുത്ത്‌ താമസിക്കുന്ന അഡ്വ ഒ ജി പ്രേമരാജ്‌ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും തിരുവനന്തപുരം ലോ കോളേജിൽ മുൻ മന്ത്രി ജി സുധാകരന്റെ സഹപാഠിയുമായിരുന്നു.

വളരെ പുതിയ വളരെ പഴയ