വടകര: പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ചയാള്‍ പിടിയില്‍.
വടകര തിരുവള്ളൂർ സ്വദേശി ഷാഹിദ് അബ്ദുള്ളയാണ് ടൗണ്‍ പൊലീസിൻ്റെ പിടിയിലായത്. ഇയാളില്‍ നിന്ന് നിയമപരമായ രേഖകളില്ലാതെ കവറുള്‍പ്പടെ മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പാളയത്തെ ഇമ്പീരിയല്‍ ലോഡ്ജില്‍ വെച്ചാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. കഞ്ചാവ് കൈവശം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ടൗണ്‍ എസ് ഐ സുലൈമാൻ ബി യുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ പരിശോധന നടത്തിയത്.
ദേഹ പരിശോധനക്കിടെ പ്രതി പെട്ടന്ന് പ്രകോപിതനാവുകയും അരയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടങ്ങിയ പാക്കറ്റ് എടുത്ത് വിഴുങ്ങാൻ ശ്രമിക്കുകയുമായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.