Zygo-Ad

കോഴിക്കോട് സ്റ്റേഷനില്‍ വെച്ച്‌ ക്രൂരമായി മര്‍ദിച്ച ബേപ്പൂർ പ്രൊബേഷൻ എസ്‌ഐക്ക് സ്ഥലം മാറ്റം


കോഴിക്കോട്: ഫറോക്കില്‍ ബൈക്കില്‍ മൂന്നു പേർ യാത്ര ചെയ്തതിന് പോലീസ് യുവാവിനെ മർദിച്ച സംഭവത്തില്‍ ബേപ്പൂർ പ്രൊബേഷൻ എസ്‌ഐക്ക് സ്ഥലം മാറ്റം.

ജില്ലാ സായുധസേനാ ആസ്ഥാനത്തേക്കാണ് മാറ്റം. സംഭവത്തില്‍ ഫറോക്ക് എസിപിയില്‍ നിന്ന് ഡിസിപിക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബേപ്പൂർ സ്വദേശി അനന്തുവിനെയാണ് ഇന്നലെ പോലീസ് മർദിച്ചത്.

അനന്തുവും മറ്റ് രണ്ടുപേരും ചേർന്ന് ബൈക്കില്‍ യാത്ര ചെയ്യുമ്പോൾ പോലീസ് കൈ കാണിക്കുകയായിരുന്നു. 

പോലീസിനെക്കണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പോലീസ് ജീപ്പില്‍ കയറ്റി. ഓടിപ്പോയ ആളും ബൈക്കുമായി ബേപ്പൂർ സ്റ്റേഷനില്‍ എത്താൻ പോലീസ് ആവശ്യപ്പെട്ടെന്നാണ് അനന്തു പറയുന്നത്.

ബൈക്കുമായെത്തിയപ്പോള്‍ പ്രൊബേഷൻ എസ്‌ഐ സ്റ്റേഷനിലുള്ളിലെ മുറിയിലേക്ക് കൊണ്ടു പോയി പട്ടിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചെന്നാണ് അനന്തുവിന്റെ പരാതി. പിന്നീട് വെള്ള പേപ്പറില്‍ ഒപ്പിടാൻ ആരോപിച്ച്‌ മുഖത്ത് കുത്തുകയും ചെയ്തു. 

സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നു പോലീസുകാർ ഇടിച്ചെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് സ്റ്റേഷന്റെ മുൻഭാഗത്തെ വാതിലടച്ചാണ് മർദിച്ചതെന്നും പിന്നീട് ചൊവ്വാഴ്ച രാവിലെ സ്റ്റേഷനില്‍ വരണമെന്നു പറഞ്ഞ് ഇറക്കി വിട്ടെന്നും യുവാവ് പറയുന്നു.

മർദനത്തില്‍ സാരമായി പരിക്കേറ്റ അനന്തു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. എസ്‌ഐക്കും കൂടെയുള്ള മൂന്ന് പോലീസുകാർക്കുമെതിരേ നടപടി ആവശ്യപ്പെട്ട് അനന്തു പരാതി നല്‍കിയിരുന്നു.

വളരെ പുതിയ വളരെ പഴയ