തലശ്ശേരി: വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രയുടെ പ്രചാരണാർഥം പഞ്ചായത്ത് കമ്മിറ്റി ഇന്ന് വൈകുന്നേരം നടത്തിയ പദയാത്ര കവിയൂരില്‍ സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി പരാതി.
അനൗണ്‍സ്മെന്റ് വണ്ടി പാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് വണ്ടി മാറ്റിയിടാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തുടക്കം.
വണ്ടി മുന്നിലേക്ക് മാറ്റിയിട്ടപ്പോള്‍ മൂന്നു പേർ ഇറങ്ങി വന്ന് ഇവിടെ പരിപാടി നടത്താൻ സമ്മതിക്കില്ലെന്നും നിങ്ങള്‍ വർഗീയ പാർട്ടിയാണെന്നും ആരോപണം ഉന്നയിച്ച് ചീത്ത വിളിച്ചെന്ന് പ്രവർത്തകർ പറഞ്ഞു.
പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ ജില്ലാ ജനറല്‍ സെക്രട്ടറി സി കെ മുനവ്വറും ജില്ലാ സെക്രട്ടറി ഷാജഹാൻ എച്ചേരിയും സിപിഎം പ്രവർത്തകരുമായി സംസാരിച്ചെങ്കിലും പരിപാടി നടത്താൻ അനുവദിച്ചില്ല. പ്രവർത്തകരുടെ കയ്യില്‍ നിന്ന് ബാനറും തൊപ്പിയും തട്ടിപ്പറിക്കുകയും ജില്ലാ ഭാരവാഹികളെ മർദിക്കുകയും ചെയ്തതായും നേതാക്കള്‍ ആരോപിച്ചു.
സാഹോദര്യ പദയാത്ര അലങ്കോലമാക്കുകയും ജില്ലാ ഭാരവാഹികളെ മർദിക്കുകയും ചെയ്ത സിപിഎം നടപടിയില്‍ വെല്‍ഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍ പ്രതിഷേധിച്ചു.
എക്കാലവും സാഹോദര്യത്തോടും ജനാധിപത്യത്തോടും അലർജി വെച്ചു പുലർത്തിയവരാണ് സിപിഎം. വെല്‍ഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്രയെ ജനങ്ങള്‍ ഏറ്റെടുക്കുന്നതിലെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിവായത്.
സിപിഎം ഗുണ്ടകളെ വിട്ട് എത്ര കൈയേറ്റം ചെയ്യാൻ ശ്രമിച്ചാലും സാഹോദര്യ രാഷ്ട്രീയം വീണ്ടെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.