Zygo-Ad

കേരളം ഞെട്ടുന്ന വാര്‍ത്ത വരും'; സിപിഎമ്മിന് മുന്നറിയിപ്പുമായി വി ഡി സതീശന്‍, 'രാഹുല്‍ ക്ലോസ്ഡ് ചാപ്റ്റര്‍'


കോഴിക്കോട്: സിപിഎം അധികം കളിക്കേണ്ടെന്നും, കേരളം ഞെട്ടിപ്പോകുന്ന വിവരം പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘ എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്. 

സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും... വരുന്നുണ്ട്, നോക്കിക്കോ... അതിനു വലിയ താമസം വേണ്ട... ഞാൻ പറഞ്ഞത് വൈകാറില്ല.’ വി ഡി സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പിനൊക്കെ ഇനിയും ഒത്തിരി കാലമുണ്ട്. അത്രയും കാലമൊന്നും കാത്തിരിക്കേണ്ടതില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഇനി ക്ലോസ്ഡ് ചാപ്റ്റര്‍ ആണ്. മുഖം നോക്കാതെ, ഹൃദയ വേദനയോടെയാണ് പാര്‍ട്ടി സഹപ്രവര്‍ത്തകനെതിരെ നടപടിയെടുത്തത്. 

സ്ത്രീപക്ഷ നിലപാടാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ചത്. സ്ത്രീകളുടെ ആത്മഭിമാനത്തെ ബഹുമാനിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനെതിരെ ഗുരുതരമായ ആരോപണം വന്നിരിക്കുന്നു. ഇതില്‍ സിപിഎമ്മിന് മറുപടിയില്ല. സിപിഎം നേതാക്കന്മാര്‍ക്കും മന്ത്രിക്കും ഉള്‍പ്പെടെ കളങ്കിത വ്യക്തിത്വമായ രാജേഷ് കൃഷ്ണ പണം കൊടുത്തിരിക്കുന്നു എന്ന് ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്.

 ഹവാലയിലൂടെയും റിവേഴ്‌സ് ഹവാലയിലൂടെയും പണം നല്‍കിയെന്നാണ് ആരോപണം. അതു മറച്ചു വെക്കാനും ചര്‍ച്ചയാകാതിരിക്കാനുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരു പറഞ്ഞ് സിപിഎം സമരം നടത്തുന്നത്.

ബലാത്സംഗക്കേസില്‍ പ്രതിയായ ആള്‍ അവിടെയിരിപ്പുണ്ട്. ലൈംഗിക അപവാദക്കേസില്‍ പ്രതികളായ എത്രപേര്‍ മന്ത്രിമാരുണ്ട്. അവരെയൊക്കെ ആദ്യം പുറത്താക്ക്. 

ബലാത്സംഗക്കേസിലെ പ്രതിയായ എംഎല്‍എയോട് രാജിവെക്കാന്‍ പറയട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ഇത്തരം ആക്ഷേപത്തിനിരയായവരെ വെച്ചു കൊണ്ട്, സിപിഎം ഇപ്പോള്‍ നടത്തുന്ന സമരം എംവി ഗോവിന്ദനെയും മന്ത്രി അടക്കമുള്ള നേതാക്കന്മാരെയും ഹവാല ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ വേണ്ടിയിട്ടുള്ളതാണെന്ന് വിഡി സതീശന്‍ ആരോപിച്ചു.

വളരെ പുതിയ വളരെ പഴയ