കോഴിക്കോട്: താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തില്‍ സസ്പെൻഷനിലായിരുന്ന ഗ്രേഡ് എസ് ഐ നൗഷാദ് കെ കെയെ തിരിച്ചെടുത്തു.
കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയാണ് തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിറക്കിയത്.
കൊല്ലപ്പെട്ട ഷിബിലയുടെ പരാതിയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഗ്രേഡ് എസ് ഐയെ സസ്പെൻഡ് ചെയ്തത്. ഷിബില നല്‍കിയ പരാതി ഗൗരവമായി എടുത്ത് അന്വേഷിച്ചില്ലെന്ന് കാണിച്ചാണ് നടപടി.
യാസിറിനെതിരെ പരാതി നല്‍കിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു.
അതേ സമയം പരാതി കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് നിഷ്ക്രിയത്വം ഉണ്ടായെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് റൂറല്‍ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
ഏപ്രില്‍ 29 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബവും നേരത്തെ രംഗത്തെത്തിയിരുന്നു.
വിഷയത്തില്‍ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ തൻ്റെ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഭർത്താവ് യാസിറിൻ്റെ കൂടെ നില്‍ക്കാൻ താല്‍പര്യമില്ലെന്ന് മകള്‍ പറഞ്ഞിരുന്നു. 28-ാം തീയതി താമരശ്ശേരി സ്റ്റേഷനില്‍ വിശദമായ പരാതി നല്‍കിയെന്നും ഷിബിലയുടെ പിതാവ് പ്രതികരിച്ചിരുന്നു.
മാർച്ച് 18-നാണ് താമരശ്ശേരി ഈങ്ങാപ്പുഴയില്‍ യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്ബുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്.
ഷിബിലയുടെ വീട്ടിലെത്തിയ യാസിർ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിർ ആക്രമിച്ചിരുന്നു.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകള്‍ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.