Zygo-Ad

ഒരു നാടിന്റെ മുഴുവൻ സ്നേഹമേറ്റു വാങ്ങി ഷഹബാസ് യാത്രയായി! കെടാവൂര്‍ ജുമാ മസ്ജിദില്‍ അന്ത്യനിദ്ര: 5 വിദ്യാര്‍ത്ഥികളുടെയും ജാമ്യപേക്ഷ തള്ളി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാർത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിൻ്റെ വിട ചൊല്ലി നാടും വീടും പ്രിയ സുഹൃത്തുക്കളും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 3 മണിയോടെ താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടില്‍ എത്തിച്ചു. അവിടെ നിന്നും മൃതദേഹം മയ്യത്ത് നമസ്കാരത്തിനായി ചുങ്കം ജുമാ മസ്ജിദിലേക്ക് കൊണ്ടു പോയി. തുടർന്ന് കെടാവൂർ ജുമാ മസ്ജിദില്‍ ഖബറടക്കി. 

സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ ഷബാസിനെ അവസാന നോക്കു കാണാൻ നിരവധി പേരാണ് എത്തിയത്. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കള്‍ പൊട്ടിക്കരഞ്ഞു. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ച്‌ മാറ്റുകയായിരുന്നു പലരും. മയ്യത്ത് നമസ്കാരത്തിനിടയിൽ ഷഹബാസിന്റെ ഉപ്പ ബോധരഹിതനായി വീണു.

അതേ സമയം ആക്രമണത്തില്‍ ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിക്ക് മുകളിലായാണ് തലയോട്ടിയില്‍ പൊട്ടലുണ്ടായത്. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മർദിച്ചതെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തലച്ചോറില്‍ ക്ഷതമേറ്റിട്ടുണ്ട്.

ഇന്നു പുലർച്ചെ 12.30 ഓടെയാണ് താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘട്ടന പരുക്കേറ്റ എളേറ്റില്‍ എം.ജെ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. 

പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഞായറാഴ്ച ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണില്‍ വിദ്യാർഥികള്‍ ഏറ്റുമുട്ടിയിരുന്നു. 

എം.ജെ ഹയർ സെക്കൻഡറി സ്കൂള്‍ കുട്ടികള്‍ ഡാൻസ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും വിദ്യാർഥികള്‍ കൂകിയതാണു പ്രശ്നങ്ങള്‍ക്കു തുടക്കം. ഇതിനു പകരംവീട്ടാൻ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തിയാണ് അടിക്കാൻ എത്തിയത്.

ട്യൂഷൻ സെന്ററിലെ വിദ്യാർഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്ന് പിതാവ് സ്ഥിരീകരിച്ചു. പുറമേ കാര്യമായ പരുക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛർദിച്ചതോടെയാണ് വീട്ടുകാർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. 

പിന്നീട് നില വഷളായതിനെത്തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവത്തില്‍ താമരശ്ശേരി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥികളായ 5 പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുൻപില്‍ ഹാജരാക്കി.

ഷഹബാസിന്‍റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെയും എസ്‍എസ്‌എല്‍സി പരീക്ഷ എഴുതാൻ അനുവദിക്കും. അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റും. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് പരീക്ഷ എഴുതാൻ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. അതേ സമയം, ഷഹബാസിന്‍റെ മരണത്തില്‍ എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മുഹമ്മ് ഇസ്മായില്‍ പ്രതികരിച്ചു. 5 വിദ്യാര്‍ത്ഥികളുടെയും ജാമ്യപേക്ഷ  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി.

വളരെ പുതിയ വളരെ പഴയ