കോഴിക്കോട്: താമരശ്ശേരിയിലെ 'ലഹരി' കൊലപാതകള്‍ക്ക് പിന്നാലെ മേഖലയില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍.
58 ഗ്രാം എംഡിഎംഎയുമായാണ് താമരശ്ശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍ പിടിയിലായത്. കോഴിക്കോട് കോവൂര്‍ - ഇരിങ്ങാടന്‍ പള്ളി റോഡില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മസ്താന്‍ എന്ന പേരിലാണ് മിര്‍ഷാദ് അറിയപ്പെടുന്നതെന്ന് എക്‌സൈസ് ഓഫീസര്‍ പറഞ്ഞു.
താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരനാണ് പിടിയിലായതെന്ന് എക്‌സൈസ് സി ഐ പ്രജിത്ത് എ പറഞ്ഞു. പ്രതി എക്‌സൈസിന്റെ ബ്ലാക്ക് ലിസ്റ്റില്‍ പെട്ടയാളാണ്.
ലഹരിക്കടിമപ്പെട്ട് കൊലപാതകം നടത്തിയ ആഷിക്ക്, യാസിര്‍ എന്നിവരുമായി പ്രതിയ്ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിര്‍ഷാദ് എന്നും സി ഐ പ്രജിത്ത് പറഞ്ഞു.
താമരശ്ശേരി-കൊടുവള്ളി മേഖലയില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുറച്ചു കാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്നും എക്സൈസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പ് പോലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത് കൂടിയാണ് മിര്‍ഷാദെന്നാണ് വിവരം. ഇയാളുടെ കൈയില്‍നിന്നും വാങ്ങിയ എംഡിഎംഎയാണ് ഷാനിദ് പോലീസിനെ കണ്ട് വിഴുങ്ങിയതെന്നാണ് സംശയം.
താമരശ്ശേരിയില്‍ നേരത്തെ ലഹരിക്കടിമകളായി കൊലപാതകങ്ങള്‍ നടത്തിയവരുമായുള്ള മിര്‍ഷാദിന്റെ ബന്ധവും എക്സൈസും പോലീസും പരിശോധിക്കും.
ഈ മാസം ആദ്യം അമ്പായത്തോട് മേലപള്ളിക്കു സമീപം പോലീസ് വാഹനം കണ്ടയുടനെ കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ഷാനിദിനെ പോലീസ് പിടി കൂടിയത്. പോലീസിനെക്കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പാക്കറ്റുകള്‍ ഇയാള്‍ വിഴുങ്ങുകയായിരുന്നു.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വയറ്റിനുള്ളില്‍ വെള്ളത്തരികളടങ്ങിയ രണ്ടു പ്ലാസ്റ്റിക് കവര്‍ കണ്ടെത്തി.
കവറിലെ എം.ഡി.എം.എ. വയറ്റില്‍ കലര്‍ന്നാല്‍ മരണ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും ശസ്ത്രക്രിയ ചെയ്ത് പാക്കറ്റ് പുറത്തെടുക്കാന്‍ യുവാവ് വിസമ്മതിച്ചു. പിതാവും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഷാനിദ് കൂട്ടാക്കിയില്ല.
തൊട്ടടുത്ത ദിവസം രാവിലെ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് മരിച്ചത്.