തലശ്ശേരി നിയോജക മണ്ഡലത്തിലെ ജല്‍ ജീവന്‍ മിഷന്‍, അമൃത് കുടിവെള്ള പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഫെബ്രുവരി മാസത്തിലെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തി.
തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയായ ഭാഗങ്ങളിലെ റോഡ് റിസ്റ്റോറേഷന്‍ കണ്ണൂര്‍ ജില്ലയിലെ ക്വാറി സമരം കാരണം വൈകുന്ന സാഹചര്യത്തില്‍ വിഷയം ഫോണ്‍ മുഖേന സ്പീക്കര്‍ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജില്ലാ കളക്ടറോട് പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സമരം അവസാനിക്കുകയാണെങ്കില്‍ ബാക്കിയുള്ള 21 കിലോമീറ്റര്‍ ഭാഗത്തെ റോഡ് റിസ്റ്റോറേഷന്‍ ഇരുപത് ദിവസത്തിനുള്ള പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോടിയേരി മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സ്റ്റേറ്റ് പ്ലാനില്‍ വിവിധ സ്കീമുകളിലുള്‍പ്പെടുത്തി 16 കോടി രൂപ ലഭ്യമാക്കി പദ്ധതി നടപ്പാക്കും.
കോടിയേരി-പാറാല്‍ സോണുകളിലേയ്ക്ക് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഓവര്‍ഹെഡ് ടാങ്ക് നിര്‍മ്മിക്കുന്നതിനുള്ള 3 കോടി രൂപയുടെ പ്രവൃത്തി വേഗത്തിലാക്കും.
പാര്‍ഷ്യല്‍ കമ്മീഷനിംഗും കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതും ഉള്‍പ്പെടെ ന്യൂ മാഹി പഞ്ചായത്തിലെ പ്രവൃത്തികള്‍ പെട്ടന്ന് പൂര്‍ത്തീയാക്കും.
കരാറുകാരന്റെ കുടിശ്ശിക പ്രശ്നം പരിഹരിച്ച് പന്ന്യന്നൂര്‍ പഞ്ചായത്തിലെ പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കും.
യോഗത്തിലെടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും റോഡ് റിസ്റ്റോറേഷന്‍ അടക്കമുള്ള മുഴുവന്‍ പ്രവൃത്തികളും മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അടുത്ത യോഗം ഏപ്രില്‍ ആദ്യ വാരം മണ്ഡലത്തില്‍ ചേരാമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെമ്പര്‍ ബിന്ദു ടി. ബി., എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ശോഭ എസ്, റിജു വി, ബിജീഷ് ഡി, ചീഫ് എഞ്ചിനീയര്‍മാരായ സെെജു പുരുഷോത്തമന്‍, സജീവ് രത്നാകരന്‍, കണ്ണൂര്‍ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സുദീപ് കെ , ന്യൂമാഹി ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീ. പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.