കോഴിക്കോട്: ഒരേ കളര്‍ ഷര്‍ട്ട് എടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ തമ്മില്‍ തല്ലി യുവാക്കള്‍. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. ഒരേ കളര്‍ ഷര്‍ട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് സഘര്‍ഷത്തിലേക്ക് കലാശിച്ചത്. തിങ്കളാഴച രാത്രിയോടെ കല്ലാച്ചിയിലെ തുണിക്കടയിലാണ് സംഘര്‍ഷം ഉണ്ടായത്.
തുണിക്കടയില്‍ ഷര്‍ട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കള്‍ കടയില്‍ നിന്ന് ഒരേ കളര്‍ ഷര്‍ട്ട് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ പ്രകോപിതരായ യുവാക്കള്‍ കടക്കുള്ളില്‍വച്ച് പരസ്പരം ഏറ്റുമുട്ടി. പിന്നീട് സംഘര്‍ഷം പുറത്തേക്ക് നീളുകയും റോഡില്‍ ഇറങ്ങി ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് രണ്ട് യുവാക്കളുടെ ഭാഗത്ത് നിന്നും നിരവധി യുവാക്കള്‍ സംഘം ചേരുകയും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ നാദാപുരം പോലിസ് സ്ഥലത്തെത്തിയതോടെ ഇരുകൂട്ടരും ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ തുടര്‍ച്ച വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നതിനെത്തുടര്‍ന്ന് സ്ഥലത്തും സമീപ പ്രദേശങ്ങളിലും പോലിസ് നിരീക്ഷണത്തിലാണ്