കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസിറാണ് കൊലപ്പെടുത്തിയത്.
ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറന്നു ഭക്ഷണം കഴികുന്ന സമയത്താണ് ഇയാള്‍ വീട്ടില്‍ എത്തി ആക്രമണം അഴിച്ചു വിട്ടത്.
കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു.
ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏറെ കാലമായി യാസിറിനും ഷിബിലയ്ക്കുമിടയില്‍ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
നേരത്തേ യാസിറിന്റെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
താമരശ്ശേരി പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും, ഗൗരവത്തില്‍ എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മയക്കുമരുന്ന് ലഹരിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിൻ്റെ ഉറ്റ സുഹൃത്താണ് യാസിർ.
ഷിബിലയുടെ ഭർത്താവ് യാസിർ ഒളിവിലാണ്. നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെയാണ് ഷിബിലയെയും മാതാപിതാക്കളെയുമാണ് യാസിർ ആക്രമിച്ചത്.
ഷിബിലയുടെ കൈയിലും വായിലും ഭക്ഷണമുണ്ടായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അതേ സമയം, യാസിർ ബാലുശ്ശേരി എസ്സ്റ്റേറ്റ് മുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും 2000 രൂപക്ക് പെട്രോള്‍ അടിച്ച് പണം നല്‍കാതെ കാറുമായി കടന്നു കളഞ്ഞു.
പെട്രോള്‍ പമ്പില്‍ എത്തിയ ഇയാളുടെ കൈയില്‍ ചോരക്കറയുണ്ടായിരുന്നു. കാറിന്റെ ഗ്ലാസ് പൊട്ടിയിരുന്നുവെന്നും ഇത് അപകടത്തില്‍ സംഭവിച്ചതാണെന്ന് പമ്പില്‍ ഉള്ളവരോട് യാസിർ പറഞ്ഞതായും ജീവനക്കാർ പറഞ്ഞു.