തലശേരി :ഡിജിറ്റൽ സർവേക്ക് അളവ് കാണിച്ചുകൊടുക്കുന്നതിനിടെ യുവാവിനെയും അമ്മയെയും വീട്ടിൽ കയറി മർദിച്ചു. കോടിയേരി പാറാൽ ദാറുൽ ഇർഷാദ് അറബി കോളജിന് സമീപത്തെ പറമ്പത്ത് ഹൗസിൽ എം പി പ്രജിത്ത് (53) അമ്മ ജാനകി (75) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജാനകിയുടെ പരാതിയിൽ കൃഷ്ണകൃപയിൽ ബാലകൃഷ്ണൻ, മക്കളായ അനുരാഗ്, വിപിൻ രാഗ് എന്നിവർക്കെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രജിത്തിന് തലക്കും പുറത്തും സാരമായ പരിക്കുണ്ട്.
ജാനകിക്ക് കാലിനും നെറ്റിയിലുമാണ് പരിക്ക്. പല്ലുകൾ ഇളകിയ നിലയിലാണ്. ആക്രമണത്തിനുശേഷം പ്രജിത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ബാലകൃഷ്ണൻ ബിജെപി പ്രവർത്തകനാണ്. മുമ്പും ഇവർ ആക്രമിച്ചിട്ടുണ്ടെന്ന് പ്രജിത്ത് പറഞ്ഞു.