കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തി. കഴിഞ്ഞ 14-ാം തിയ്യതി തൃശ്ശൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലാണെത്തിയത്. തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല. പിന്നീട് വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസി ടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.
പെണ്‍കുട്ടി നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. ബന്ധുവായ യുവാവിനെയും ദൃശ്യങ്ങളില്‍ കാണാം.
മാർച്ച് പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയെഴുതാൻ വീട്ടില്‍ നിന്ന് രാവിലെ ഒൻപത് മണിക്ക് സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെണ്‍കുട്ടി. മകള്‍ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതില്‍ പറയുന്നത്.
പുതുപ്പാടി സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം കാണാതായിരുന്നു. ഈ യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താമരശ്ശേരി പൊലീസ് സ്റ്റേഷനിലോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
എസ്‌എച്ച്‌ഒ- താമരശ്ശേരി പൊലീസ് സ്റ്റേഷൻ- 9497987191
സബ് ഇന്‍സ്‌പെക്ടര്‍, താമരശേരി പൊലീസ് സ്റ്റേഷന്‍: 9497980792
താമരശേരി പൊലീസ് സ്റ്റേഷന്‍: 0495-2222240