വടകര: ജ്യൂസില്‍ മദ്യം കലർത്തി നല്‍കി യുവതിയുടെ നഗ്ന ചിത്രം പകർത്തിയെന്ന കേസില്‍ യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍.
വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജസ്മിനെ (26) യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പടന്നയിലെ ഭർതൃമതിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസം യുവതിയുടെ കൂടെ കഴിഞ്ഞിരുന്നതായാണ് പറയുന്നത്. ഇതിനിടയില്‍ ജ്യൂസില്‍ മദ്യം കലർത്തി നല്‍കി നഗ്ന ചിത്രം എടുത്തെന്നാണ് പരാതി.
ഫോട്ടോ ഭർത്താവിനും മകള്‍ക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ടുവെന്ന കാണിച്ചാണ് യുവതി ചന്തേര പൊലീസിനെ പരാതിയുമായി സമീപിച്ചത്.
പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് പ്രതി ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ചത്.
പ്രതിയെ കരിപ്പൂർ വിമാനത്താവളത്തില്‍ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ച് ചന്തേര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പ്രബോഷൻ എസ്‌ഐ മുഹമ്മദ് മുഹ്സിനും സംഘവും വിമാനത്താവളത്തില്‍ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചന്തേര സ്റ്റേഷനിലെത്തിച്ചു. പ്രതിയെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.