Zygo-Ad

കുട്ടികള്‍ക്കിടയില്‍ ലഹരി പുതുരൂപത്തിൽ വില്‍പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായിയുമായി യുപി സ്വദേശി പിടിയില്‍


കോഴിക്കോട്: മിഠായിയുടെ രൂപത്തില്‍ കുട്ടികള്‍ക്കിടയില്‍ വില്‍പനയ്ക്കെത്തിച്ച ലഹരി വസ്തുക്കള്‍ പിടികൂടി. കോഴിക്കോട് നഗരത്തിലെ പൊറ്റമലില്‍ ആണ് സംഭവം.

വിദ്യാർത്ഥികളെ വലയിലാക്കാൻ ലഹരി മിഠായി രൂപത്തിലും. കോഴിക്കോട് നഗരത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തില്‍ കുട്ടികള്‍ക്കിടയില്‍ വില്‍പ്പനക്ക് വെച്ച ലഹരി പിടികൂടിയത്.

ലഹരിയുമായി ബന്ധപ്പെട്ട് കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് അനുദിനം പുറത്ത് വരുന്നത്. കഞ്ചാവ് മിഠായി രൂപത്തില്‍ വിദ്യാർത്ഥികളെ വലയിലാക്കാനാണ് പുതിയ ശ്രമം. 

കോഴിക്കോട് നഗരത്തിലെ പൊറ്റമലില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഉത്തര്‍ പ്രദേശ് സ്വദേശി ആകാശിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുപ്പത്തൊന്ന് മിഠായികള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. 

ഇത് തൊണ്ണൂറ്റിയാറ് ഗ്രാം തൂക്കം വരും. പെട്ടിക്കടയിലൂടെയാണ് വില്‍പ്പന നടത്തിയത്. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥികളെയായിരുന്നു ലക്ഷ്യം. 

നിഷ്കളങ്കരായ കൊച്ചു വിദ്യാർത്ഥികളെ എളുപ്പം ലഹരിക്ക് അടിമകളാക്കാനുള്ള മാഫിയകളുടെ കുറുക്കു വഴിയാണ് കഞ്ചാവ് മിഠായി. സ്കൂള്‍ - കോളേജ് പ്രദേശങ്ങളിലെ ചില പെട്ടിക്കടകളും ചെറിയ കടകളിലുമായാണ് വില്‍പ്പന.

ഉത്തരാഖണ്ഡില്‍ നിന്നാണ് കഞ്ചാവ് മിഠായി സംസ്ഥാനത്ത് എത്തുന്നതെന്ന് എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൊത്തമായി എത്തിച്ച്‌ വിവിധ കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുകയാണ് രീതി. 

എക്സൈസ് വകുപ്പിൻ്റെ പ്രത്യേക പരിശോധനയായ ഓപ്പറേഷൻ ക്ലീൻ സ്ളേറ്റിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. ഇതിനിടെയാണ് കോഴിക്കോട് നിന്നും കഞ്ചാവ് മിഠായി പിടികൂടിയത്. 

ഇത്തരം ലഹരിയുടെ സാഹചര്യത്തില്‍ കുട്ടികളെ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്ന് എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ