വയനാട്: കളക്ടറേറ്റില്‍ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു. കളക്ടറേറ്റിലെ പ്രിൻസിപ്പല്‍ കൃഷി ഓഫീസില്‍ ക്ലർക്കായ യുവതി ഓഫീസ് ശുചിമുറിയില്‍ വച്ച് കൈ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണം. ജോയിൻ്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമ വിരുദ്ധമായി സ്ഥലം മാറ്റി എന്നാണ് ആരോപണം. യുവതിയുടെ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു.
ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക പറഞ്ഞു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം. യുവതിയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.