പിണറായി: ആറു പതിറ്റാണ്ടു മുൻപ് പാടത്തു മൊട്ടിട്ട പ്രണയമാണ് പിണറായിലെ കർഷകരായ എം.സി.രാഘവനെയും (85) പി.കെ.യശോദയെയും (80) ഒന്നിച്ചു ചേർത്തത്. പ്രണയിച്ചു തുടങ്ങി 6 വർഷത്തിനു ശേഷമായിരുന്നു വിവാഹം.
ആ കൈകോർക്കലിന് അൻപത്താറു വർഷം പൂർത്തിയാകുമ്പോൾ കൂടുതൽ സ്നേഹത്തോടെ ചേർത്തു പിടിച്ച് പുഞ്ചിരിക്കുകയാണ് ഇരുവരും.
നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള രാഘവൻ മാതാപിതാക്കളായ കുഞ്ഞിരാമനും നാണിക്കുമൊപ്പം കൃഷിപ്പണിക്കിറങ്ങുമ്പോൾ പ്രായം 12. കുടുംബത്തിന്റെ ഉപജീവന മാർഗ്ഗമായ കൃഷി, പതിയെ രാഘവന്റെയും ജീവിതമായി മാറി. വർഷങ്ങൾ മുന്നോട്ടു പോയി.
ഇവരുടെ പാടത്ത് 5 സ്ത്രീകൾ നിത്യവും കൃഷിപ്പണിക്കായി എത്താറുണ്ടായിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു കുഞ്ഞാപ്പു വിന്റെയും കല്യാണിയുടെയും മകൾ യശോദ പ്രായം 18 സ്ത്രീകൾ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്ന് രാഘവൻ എന്നും ശ്രദ്ധിക്കും.
ആ നോട്ടം കണ്ട് യശോദ വിചാരിച്ചു. തന്നെയാണ് നോക്കുന്നതെന്ന്. എന്നാൽ കൃഷിപ്പണിയിൽ വളരെ ആത്മാർഥത കാട്ടിയിരുന്ന യശോദയിലേക്ക് രാഘവൻ്റെ കണ്ണെത്താനും അവളോട് പ്രണയം തോന്നാനും അധിക കാലമെടുത്തില്ല.
കൃഷിയിൽ നിന്നു കിട്ടിയ വരുമാനം കൊണ്ട് പതിനേഴാം വയസ്സിൽ കാതുകുത്തി സ്വർണക്കടുക്കനിട്ടിരുന്നു രാഘവൻ. ഒരു തരി പൊന്നു പോലും ദേഹത്തില്ലായിരുന്ന യശോദയ്ക്ക് കടുക്കനിട്ട രാഘവനോട് സ്നേഹം കലശലായി.
ഒന്നര രൂപയും അഞ്ച് സേറ് നെല്ലുമാണ് അക്കാലത്ത് കൂലി. ഈ കൂലി കൊണ്ട് പൊന്നു വാങ്ങാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല യശോദയുടെത്.
പ്രണയം പരസ്പരം മനസ്സിലാക്കിയതോടെ കാര്യങ്ങൾ മാറി.
നെല്ലായും പച്ചക്കറിയായും സ്നേഹം യശോദയ്ക്കു കിട്ടിക്കൊണ്ടിരുന്നു. എന്നാൽ പ്രണയിക്കുന്ന കാര്യം വീട്ടിൽ പറയാൻ രാഘവൻ മടിച്ചു. വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കാൻ തുടങ്ങിയതോടെ യശോദയോടുള്ള പ്രണയം ഉള്ളിലൊതുക്കി പെണ്ണു കാണൽ തുടങ്ങി.
തിരിച്ചെത്തിയാൽ പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ് രാഘവൻ തന്നെ സ്വന്തം വിവാഹാലോചന മുടക്കും.
ഒടുവിൽ സുഹൃത്തായ ചിറമ്മൽ നാരായണൻ നായരോട് യശോദയുമായുള്ള പ്രണയം രാഘവൻ തുറന്നു പറഞ്ഞു. വീട്ടിലറിഞ്ഞു. ഒടുവിൽ വീട്ടുകാർ സമ്മതിച്ചു. 29-ാം വയസ്സിൽ ചിറയിൽ വീട്ടിൽ വച്ച് യശോദയ്ക്ക് മോതിരം അണിയിച്ച് വിവാഹം നടത്തി. അന്ന് ഇന്നത്തെ പോലെ താലി ചാർത്തൽ ഉണ്ടായിരുന്നില്ല.
ഇന്നും സന്തോഷത്തോടെ കൃഷിപ്പണിയിൽ സജീവമാണ് ഇരുവരും ജീവിതത്തിൽ ഇതുവരെ പിറന്നാൾ ആഘോഷിക്കാത്ത യശോദ ഈ വർഷം പിണറായി വെസ്റ്റ് സി മാധവൻ സ്‌മാരക വായനശാല മുഴപ്പിലങ്ങാട് ബീച്ചിൽ ഒരുക്കിയ പിറന്നാൾ ആഘോഷത്തിൽ കേക്ക് മുറിച്ച് രാഘവനു നൽകി സന്തോഷം പങ്കിട്ടു.
എൺപതാം വയസ്സിൽ പാസ്പോർട്ട് സ്വന്തമാക്കിയ യശോദ മലേഷ്യ സന്ദർശിച്ചു. പ്രണയ കുടീരമായ താജ്‌മഹലും കണ്ടു.
ആ ദിവസങ്ങളിൽ യശോദ തനിക്കൊപ്പം കൃഷിപ്പണിക്ക് ഇറങ്ങിയില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു രാഘവൻ. മക്കൾ: ഗീത, ഷഗില, പരേതനായ അനിൽ കുമാർ.