കണ്ണൂർ: തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തയാളെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു. ഇന്നലെ വൈകുന്നേരം തലശ്ശേരി മണോളി കാവ് ഉത്സവത്തിനിടെയാണ് സംഭവം.
പൊലീസുകാരെ ആക്രമിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. പൊലീസുകാരെ പൂട്ടിയിട്ട ശേഷമാണ് പ്രതിയെ മോചിപ്പിച്ചത്. 55 സിപിഎം പ്രവർത്തകർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ബിജെപി-സിപിഎം പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായപ്പോള്‍ നിയന്ത്രിക്കാനെത്തിയ പൊലീസിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവത്തെ തുടർന്ന് 27 സിപിഎം പ്രവർത്തകർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തിരുന്നു.
ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ മണോളി കാവ് ഉത്സവത്തിനെത്തിയിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംഭവ സ്ഥലത്തെത്തുന്നത്.
തുടർന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോവുന്നതിനിടെ 50ല്‍ അധികം വരുന്ന സിപിഎം പ്രവർത്തകർ വാഹനം തടയുകയും പൊലീസുകാരെ പൂട്ടിയിട്ട ശേഷം പ്രതികളെ മോചിപ്പിക്കുകയുമായിരുന്നു.