Zygo-Ad

ആറുവരിപ്പാതയിൽ രണ്ടിടത്ത് അപകടക്കെണി ഇരുചക്ര വാഹനങ്ങൾ തെറിച്ചുവീഴുന്നു

 


എടക്കാട് : ദേശീയപാതയിൽ മുഴപ്പിലങ്ങാടിനും എടക്കാടിനുമിടയിൽ രണ്ടിടത്ത് അപകടക്കെണി. എടക്കാട് ബസാറിലെയും എടക്കാട് റെയിൽവേ സ്റ്റേഷന് മുന്നിലെയും അടിപ്പാതയ്ക്ക് മുകളിലാണ് അപകടഭീഷണി നിലനിൽക്കുന്നത്. ഉയർന്നുകിടക്കുന്ന അടിപ്പാതയുടെ കോൺക്രീറ്റ് സ്ലാബാണ് അപകടമുണ്ടാക്കുന്നത്. റോഡ് നിരപ്പിൽനിന്ന് ഒരടിയിലേറെ ഉയരത്തിലാണ് കോൺക്രീറ്റ് സ്ലാബുള്ളത്. അതിവേഗത്തിൽ വരുന്ന വാഹനഡ്രൈവർമാർക്ക് സ്ലാബിന്റെ ഉയർച്ച പെട്ടെന്ന് ദൃശ്യമാവില്ല. അടുത്തെത്താനാവുമ്പോൾ ബ്രേക്കിടുന്നത് അപകടമുണ്ടാക്കുന്നു.

കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷന് മുന്നിൽ രാത്രിയിൽ സ്കൂട്ടർയാത്രക്കാരനായ 22കാരൻ തെറിച്ചുവീണു. ഈ സമയം മറ്റ് വാഹനങ്ങൾ വരാത്തതിനാലാണ് രക്ഷപ്പെട്ടത്. പിന്നാലെ വന്ന മറ്റ് വാഹനഡ്രൈവർമാരാണ് യുവാവിനെ ആസ്പത്രിയിലെത്തിച്ചത്. പലതവണ അപകടമുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വലിയ ചരക്ക് ലോറികൾ സ്ലാബിന് മുകളിൽ കയറുമ്പോൾ വൻ ശബ്ദമാണ് പ്രദേശം മുഴുവൻ. സ്ലാബിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്‌തെങ്കിലും ഇത് പൂർണമായും തകർന്നുകിടക്കുകയാണ്. മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിലൂടെ 80 കി.മീ.ലധികം വേഗതയിൽ വരുന്ന വാഹനങ്ങൾ നിർമാണം പുരോഗമിക്കുന്ന മുഴപ്പിലങ്ങാട് മുതൽ എടക്കാട് വരെയുള്ള ഭാഗത്തും അതേവേഗതയിലാണ് സഞ്ചരിക്കുന്നത്.

തെരുവുവിളക്കില്ല, സൂചനാബോർഡുമില്ല

ദേശീയപാത 66-ൽ സ്ലാബുയർന്ന് നിൽക്കുന്നിടത്ത് രാത്രിയാണ് അപകടസാധ്യത കൂടുതൽ. ഇവിടെ കൂരിരുട്ടാണ്. അപകടമുന്നറിയിപ്പ് സംബന്ധിച്ച ഒരു ബോർഡും സ്ഥാപിച്ചിട്ടില്ല. ഇരുചക്രവാഹനമോടിക്കുന്നവർക്കാണ് അപകടസാധ്യത കൂടുതൽ.

ആവശ്യമായ നടപടി ദേശീയപാത അതോറിറ്റി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ