വയനാട്: മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കടുവ കടിച്ച് കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആർ കേളുവിനെതിരെ ശക്തമായ ജനരോഷം ഉയർന്നു. സ്ഥലത്ത് നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥർ സാധാരണ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന വാദവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ രംഗത്ത് വന്നു. വെടിവെക്കാൻ ഉത്തരവ് കൊടുത്തുവെന്ന് പറഞ്ഞ മന്ത്രി കടുവയെ കൂട് വെച്ചോ വെടിവെച്ചോ പിടിക്കുമെന്നും വ്യക്തമാക്കി
പ്രദേശത്ത കാട്ടാനകളുടെയും കടുവയുടെയും സാന്നിധ്യമുണ്ടെന്നും കാടും ജനവാസ മേഖലയും തമ്മിലെ അതിര് വ്യക്തമാകുന്ന നിലയിൽ അടിക്കാടുകൾ വെട്ടാനും മറ്റ് നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് നാട്ടുകാർ കത്ത് നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇന്ന് മാവോയിസ്റ്റുകളെ തിരഞ്ഞുപോയ തണ്ടർബോൾട്ട് സംഘമാണ് കടുവയുടെ ആക്രമണത്തിൽ രാധയുടെ മൃതദേഹം കണ്ടെത്തിയത്. കടുവ പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും മൃതദേഹം ഭക്ഷിച്ച് വലിച്ചിഴച്ച നിലയിലാണ് കണ്ടെത്തിയതെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഷംഷാദ് മരക്കാർ പറഞ്ഞു.